ഇസ്ലാമാബാദ്: സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. ഇതില്‍ അഞ്ചു പാക്കിസ്ഥാന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടമായതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. അതേസമയം ഇരുപത്തഞ്ച് താലിബാന്‍ ഭീകരരെ വധിച്ചതായും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ അതിര്‍ത്തിയില്‍ വരുന്ന കുറം ജില്ലയിലും വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലും താലിബാന്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചുവെന്നും അതിനെ വിജയകരമായി ചെറുക്കുകയാണ് ചെയ്തതെന്നും പാക്കിസ്ഥാന്‍ പറയുന്നു.
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പാക്-അഫ്ഗാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനു മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ ആക്രമണം. ആക്രമണവാര്‍ത്ത പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചെങ്കിലും അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. എങ്കിലും പാക്കിസ്ഥാന്‍ നിരന്തരമായി വ്യോമാക്രമണങ്ങളിലൂടെ അഫ്ഗാന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് താലിബാന്‍ ആരോപിച്ചു.
ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് പാക്-അഫ്ഗാന്‍ സംഘര്‍ഷത്തിന് അറുതി വരുത്തുന്നതിനുള്ള സന്ധി സംഭാഷണങ്ങള്‍ നടക്കുന്നത്. ഇതിനായി ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ശനിയാഴ്ച ഈസ്താംബൂളിലെത്തി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് പുതിയ ആക്രമണത്തിന്റെ കാര്യം പാക്കിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്നത്.

