മോന്‍ത നാളെ കരതൊടും, തീരദേശ സംസ്ഥാനങ്ങള്‍ കനത്ത ഭീതിയില്‍, ഏറ്റവു ദുരിതത്തിലാകുന്നത് ആന്ധ്ര

അമരാവതി: തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും തെക്കുവടക്കന്‍ സംസ്ഥാനങ്ങളും ഒരു ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളോര്‍ത്ത് ആശങ്കയില്‍. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള മോന്‍താ ചുഴലിക്കാറ്റ് നാളെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതു കടലില്‍ ആയിരിക്കുമ്പോള്‍ തന്നെ അറബിക്കടലിന്റെ തീരത്തും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തും ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുമുള്ള സംസ്ഥാനങ്ങള്‍ പേമാരിയുടെ പിടിയിലാണ്. കര തൊട്ടുകഴിയുമ്പോള്‍ എന്താകുമെന്ന ആശങ്കയാണെങ്ങും. കേരളത്തില്‍ പോലും രണ്ടു ദിവസമായി പെയ്യുന്ന മഴ ഇതിന്റെ ഫലമാണ്. നാളെ ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും മധ്യേ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ആന്ധ്രയിലെ 23 ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ വന്‍തോതിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. വഴിയോര കച്ചവടക്കാര്‍, താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് മഴയുടെ ആഘാതം കൂടുതലായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയുണ്ടാകാനാണിട.