മെല്‍ബണില്‍ വെള്ളപ്പൊക്കം, 215 വീടുകള്‍ക്ക് നാശം, എണ്‍പതിലധികം മരങ്ങള്‍ വീണു, വൈദ്യുതിയില്ല

മെല്‍ബണ്‍: അതിശക്തമായ മഴയിലും കൊടുങ്കാറ്റിലും മെല്‍ബണില്‍ ജനജീവിതം താറുമാറായി. കോരിച്ചൊരിഞ്ഞ മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം കനത്ത തടസം നേരിട്ടു. എമ്പാടും മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതി നിലയ്ക്കുകയും മെല്‍ബണിന്റെ നല്ലൊരു ഭാഗം പ്രദേശങ്ങളും ഇരുട്ടിലാകുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു പേമാരിയുടെ താണ്ഡവം. ഏറ്റവും ദുരിതത്തിലായത് പടിഞ്ഞാറന്‍ വിക്ടോറിയയും മെല്‍ബണിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളുമാണ്. സിറ്റി പവറിനും പവര്‍ കോറിനുമാണ് കാറ്റിലും മഴയിലുമായി ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.

മെല്‍ബണിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും ന്യൂപോര്‍ട്ടിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ളം ഇരച്ചെത്തി. പ്രവഹിക്കുന്ന സഹായ സന്ദേശങ്ങള്‍ക്കു മുഴുവന്‍ ഉത്തരം കൊടുത്തും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും ദ്രുത സേവന വിഭാഗം വലഞ്ഞു പോയ ദിവസമായിരുന്നു ഇന്നലെ. ആകെ അറ്റന്‍ഡ് ചെയ്തത് നാനൂറോളം ഫോണ്‍വിളികളായിരുന്നു. വെറിബീയും ഹോപ്പേഴ്‌സ് ക്രോസിങ്ങുമാണ് നഗര മേഖലയില്‍ ഏറ്റവും ദുരിതത്തിലായത്. ആകെ 215 വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും എണ്‍പതിലധികം മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ചുഴലിക്കാറ്റിനു തുല്യമായ കാറ്റാണ് വീശിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പടകഴിഞ്ഞ പടക്കളം പോലെയാണ് മെല്‍ബണിന്റെ പല ഭാഗങ്ങളും ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *