പാരിസ്: ലൂവ്റ് മ്യൂസിയത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിലയേറിയ ആഭരണങ്ങള്‍ മോഷണം പോയിട്ട് ഒരാഴ്ച തികയുന്ന സമയത്താണ് ഇവരുടെ അറസ്റ്റുണ്ടായിരിക്കുന്നത്. ഈ മാസം പത്തൊമ്പതിനായിരുന്നു ലൂവ്റിലെ മോഷണം. ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കയറി അവിടെ നിന്നു അപ്പോളോ ഗാലറിയില്‍ കടന്ന് 102 മില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന എട്ട് രത്നാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവര്‍ രാജ്യത്തുനിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നുവെന്നാണ് അറിയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ രണ്ടാം ഭാര്യ മേരി ലൂയി ചക്രവര്‍ത്തിനി, നെപ്പോളിയന് മൂന്നാമന്റെ ഭാര്യ യൂജിനി രാജ്ഞി, ലൂയി ഫിലിപ്പ് ഒന്നാമന്റെ ഭാര്യ മരിയ അമേലിയ, നെപ്പോളിയന്റെ സഹോദര ഭാര്യ ഹോര്‍ട്ടെന്‍സ് രാജ്ഞി എന്നിവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മരതക നെക്ലസ്, കമ്മല്‍ സെറ്റ്, ഇന്ദ്രനീല ടിയാര നെക്ലസ്, ഹെഡ് ബാന്‍ഡ്, ബ്രൂച്ച്, അലങ്കാര ബോ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. ഹൈഡ്രോളിക് ഗോവണി വച്ചാണ് ഇവര്‍ അപ്പോളോ ഗാലറിയില്‍ പ്രവേശിക്കുന്നത്.

