ബെര്‍ലിന്‍: ലൂവ്‌റ് മ്യൂസിയത്തില്‍ നടന്ന കളവ് പുരാവസ്തു മേഖലയ്ക്ക് വന്‍ നഷ്ടമാണെങ്കിലും ഇതിലെ ലാഭസാധ്യതകള്‍ തിരിച്ചറിയുന്നത് പരസ്യ ഏജന്‍സികളാവണം. ഇതിന്റെ ഏറ്റവും മികച്ച ഉപയോഗമെടുത്തിരിക്കുന്നത് ജര്‍മന്‍ കമ്പനിയാണ്. മോഷണം നടന്നു ദിവസങ്ങള്‍ കഴിഞ്ഞില്ല, അതിനു മുമ്പേ കള്ളന്‍മാര്‍ ഉപയോഗിച്ച ഗോവണിയുടെ പരസ്യത്തിന് സംഭവം ഉപയോഗിച്ചിരിക്കുകയാണ് അതിന്റെ നിര്‍മാതാക്കളായ ബോക്കര്‍ എന്ന ജര്‍മന്‍ കമ്പനി.
മോഷണത്തിന് ഉപയോഗിച്ച ബോക്കര്‍ ഗോവണി ലൂവ്‌റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറിക്കു സമീപം വച്ചിരിക്കുന്ന ചിത്രമാണിവര്‍ പരസ്യമാക്കിയത്. അതിവേഗം കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ കമ്പനിയുടെ അജിലോ എന്ന ബ്രാന്‍ഡ് യന്ത്രഗോവണി തന്നെ ഉപയോഗിക്കണമെന്നാണ് പരസ്യം പരസ്യമായിത്തന്നെ പറയുന്നത്. ഒരു മിനിറ്റിനുള്ളില്‍ 400 കിലോ വരെ ഭാരം 42മീറ്റര്‍ വരെ ഉയരത്തിലെത്തിക്കാന്‍ ഇതിനു മാത്രമാണു കഴിയുന്നതെന്നു പരസ്യം പറയുന്നു. മോഷണത്തെ അംഗീകരിക്കുന്നില്ലെങ്കിലും സുരക്ഷിതമായി കാര്യം നടത്താന്‍ തങ്ങളുടെ ഗോവണി കൊണ്ടു സാധിക്കുമെന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നാണ് കമ്പനിയുടെ ചോദ്യം.
വിവിധ തരം പശകള്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ഫെവിക്കോള്‍ കമ്പനിയുടെ ലൂവ്‌റ് മോഷണം പരസ്യത്തിനു വിഷയമാക്കിയിരുന്നു. ഫെവിക്കോള്‍ ഉപയോഗിച്ച് ഒട്ടിച്ചു വച്ചിരുന്നെങ്കില്‍ വിലപ്പെട്ട പുരാവസ്തുക്കള്‍ കള്ളന്‍മാര്‍ കവരുകയില്ലായിരുന്നുവെന്നാണ് ഫെവിക്കോളിന്റെ അവകാശ വാദം. ലൂവ്‌റില്‍ നിന്നു മോഷ്ടിക്കപ്പെട്ട മരതക മാലയ്‌ക്കൊപ്പം ഫെവിക്കോളിന്റെ ലോഗോ കൂടി വച്ചുള്ളതാണ് ഈ പരസ്യം.

