വാഷിങ്ടന്‍: പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഹിറ്റായി മാറിയ സോറ എന്ന എഐ അധിഷ്ഠിത സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആന്‍ഡ്രോയ്ഡിലും ഉടനെത്തുമെന്ന് വെളിപ്പെടുത്തല്‍. ഓപ്പണ്‍ എഐ പുറത്തിറക്കിയിരിക്കുന്ന സോറ 2 ഐഓഎസില് മാത്രമാണ് നിലവിലുള്ളത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ പൂര്‍ണമായി എഐ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷന് പ്ലാറ്റ്ഫോമാണിത്. വീഡിയോകള്‍, കാര്ട്ടൂണുകള്,ആനിമേഷനുകള്‍ തുടങ്ങി എന്തും ഇതുപയോഗിച്ച് നിര്‍മിക്കുന്നതിനാകും. മറ്റു സമാന ആപ്ലിക്കേഷനുകളില്‍ നിന്നു വ്യത്യസ്തമായി ഒന്നിലധികം ഷോട്ടുകളുള്ള വീഡിയോകളും മറ്റും നിര്മിക്കാമെന്നതിലാണ് ഇതിന്റെ വ്യത്യാസം.
ഓപ്പണ്‍ എഐ സോറയുടെ മേധാവി ബില്‍ പീബിള്‍സ് എക്സിലൂടെയാണ് ഈ ജനപ്രിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡിലും വരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. സംഗതി പുറത്തിറങ്ങാന്‍ ഏറെ കാലതാമസമൊന്നുമുണ്ടാകില്ല. ഇനി ആഴ്ചകള്‍ മാത്രം കാത്തിരുന്നാല്‍ മതിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ലോഞ്ചിങ്. എങ്കിലും വൈകാതെ ലോകം മുഴുവനും എത്തുമെന്നുറപ്പ്. തുടക്കത്തില്‍ ഇന്‍വൈറ്റ് രീതിയിലായിരിക്കും വരവെന്നു വ്യക്തമായിട്ടുണ്ട്.

