സൗദി സിനിമ ശീലമാക്കുന്നു, 7 വര്‍ഷം കൊണ്ട് 133 കോടി ഡോളറിന്റെ വരുമാനവും 650 സ്‌ക്രീനുകളും

റിയാദ്: പഴയ മാമൂലുകളില്‍ നിന്നു മക്കയുടെയും മദീനയുടെയും നാടായ സൗദി അറേബ്യ പോലും മാറിച്ചിന്തിക്കുന്നതിന്റെ തെളിവുകള്‍ ചലച്ചിത്ര ലോകത്തു നിന്നുപോലും ലഭിക്കുന്നു. 2018ല്‍ ഒരു സിനിമ തീയറ്റര്‍ പോലുമില്ലാതിരുന്ന രാജ്യത്ത് ഇപ്പോള്‍ ഏറ്റവും വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖല സിനിമകളുടേതാണ്. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ടു വിറ്റഴിച്ചിരിക്കുന്നത് ഒമ്പതു കോടി ടിക്കറ്റുകളാണ്. 2020ല്‍ അറുപതു ലക്ഷം ടിക്കറ്റുകള്‍ മാത്രം വിറ്റഴിച്ചിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. മാറുന്ന ലോകത്തിനൊപ്പമെത്താന്‍ സൗദിയും ഓടിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കം.

2018ലാണ് സൗദി അറേബ്യയില്‍ സിനിമകള്‍ക്കുണ്ടായിരുന്ന നിരോധനം പിന്‍വലിക്കുന്നത്. അതിനു ശേഷമാണ് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുണ്ടായിരിക്കുന്നത്. ഇപ്പോള്‍ സൗദിയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും സിനിമ തീയറ്ററുകളുണ്ട്. മൊത്തം സ്‌ക്രീനുകളുടെ എണ്ണം 650. സിനിമ മേഖലയില്‍ നിന്നുള്ള വരുമാനമാകട്ടെ 133 കോടി അമേരിക്കന്‍ ഡോളറാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം മാത്രം 34 സിനിമകളാണ് സൗദിയില്‍ റിലീസ് ചെയ്യപ്പെട്ടത്. പ്രാദേശികമായി നിര്‍മിക്കപ്പെട്ട സിനിമകളില്‍ നിന്നു മാത്രം മൂന്നര കോടി അമേരിക്കന്‍ ഡോളറിനടുത്ത് വരുമാനവും ലഭിച്ചു. നിര്‍മിക്കപ്പെട്ട സിനിമകളൊക്കെ സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്നതായതിനാല്‍ അമ്പതിലധികം അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടാനും ഇവയ്ക്കായി.

കഴിഞ്ഞ വര്‍ഷം സൗദി ഫിലിം കോര്‍പ്പറേഷന്‍ ലോക സിനിമ കമ്മീഷണര്‍മാരുടെ ഫോറത്തില്‍ അംഗമായതോടെയാണ് ലോകത്തെല്ലായിടത്തു നിന്നുമുള്ള ചലച്ചിത്രങ്ങള്‍ സൗദിയിലെ സ്‌ക്രീനുകളിലും എത്താന്‍ തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *