ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ക്രീക്കിന് സമീപം ഇന്ത്യ സംയുക്ത സൈനികാഭ്യാസം നിശ്ചയിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതുവഴിയുള്ള വ്യോമപാത തന്നെ അടച്ച് പാക്കിസ്ഥാന്‍. ഈ മാസം 30 മുതല്‍ നവംബര്‍ പത്തുവരെയാണ് ഇന്ത്യ തൃശൂല്‍ എന്നു പേരിട്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായാണ് സൈനികാഭ്യാസം നടത്തുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യ ഈ മാസം 28നും 29നും നോട്ടാം (നോട്ടീസ് ടു എയര്‍മെന്‍) എന്ന സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും വിമാനങ്ങളുടെ യാത്ര തടയുകയും ചെയ്തിരിക്കുകയാണ്.
ഗുജറാത്തിലാണു സ്ഥിതിചെയ്യുന്നതെങ്കിലും രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയോടു ചേര്‍ന്നാണ് സര്‍ക്രീക്ക്. ഇവിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കം പണ്ടേയുള്ളതാണ്. പാക്കിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സര്‍ക്രീക്ക്. ആന്തരീക്ഷത്തില്‍ 28000 അടി വരെ ഉയരമുള്ള ഭാഗമായിരിക്കും സൈനികാഭ്യാസത്തിനായി ഇന്ത്യ ഉപയോഗിക്കുക. സമീപകാലത്തെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസങ്ങളിലൊന്നായിരിക്കും ഇതെന്നു കരുതുന്നു. സര്‍ക്രീക്ക് മേഖലയില്‍ പ്രകോപനം എന്തെങ്കിലുമുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി നടക്കുന്ന സൈനികാഭ്യാസത്തില്‍ മുപ്പതിനായിരം സൈനികരാണ് പങ്കെടുക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നു തുടങ്ങി ഗുജറാത്തിലെ കച്ച് കടല്‍ത്തീരം വരെയുള്ള പ്രദേശത്തായിരിക്കും സൈനികാഭ്യാസം നടക്കുക.

