ദിവ്യയ്ക്കും പ്രശാന്തനുമെതിരേ എഡിഎം നവീന്‍ ബാബുവിന്റെ കുടംബം മാനഷ്ടക്കേസിന്

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്കും ടി വി പ്രശാന്തനുമെതിരേ ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം മാനനഷ്ട കേസ് ഫയല്‍ ചെയ്തു. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി പരസ്യമായി ചിത്രീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട സബ്‌കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത് പ്രശാന്തനും അതിനെ അടിസ്ഥാനമാക്കി കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പരസ്യമായി പ്രസംഗിച്ചത് ദിവ്യയുമായിരുന്നു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നവീന്‍ ബാബുവിനു ജീവനൊടുക്കേണ്ടിവന്നതെന്ന് പറയുന്നു. എന്നാല്‍ കൈക്കൂലി വാങ്ങി എന്നതിന് ഇതുവരെ തെളിവോ കേസോ എടുത്തിട്ടുമില്ല. അതിനാല്‍ 65 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. നവീന്‍ ബാബുവിന്റെ മരണശേഷവും പലപ്രാവശ്യം ഇതേ ആരോപണം പ്രശാന്തന്‍ ഉന്നയിക്കുകയുണ്ടായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി അടുത്തമാസം പതിനൊന്നിന് പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനഞ്ചിനാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. സ്ഥലം മാറിപ്പോകുന്ന ബാബുവിന് ഒക്ടോബര്‍ പതിനാലിന് കണ്ണൂര്‍ കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന ദിവ്യ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതു വീഡിയോ റെക്കോഡ് ചെയ്യുന്നതിനായി സ്വകാര്യ ചാനലിന്റെ വീഡിയോഗ്രാഫറെയും ഏര്‍പ്പാടാക്കിയിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരേ പോലീസ് കേസും എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *