ഇന്‍ഡോര്‍: ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ടു വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.ഇന്‍ഡോര്‍ ഖജ്‌റാന റോഡിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. അഖീല്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. സംഭവത്തിന് ദൃക്‌സാക്ഷിയായ വ്യക്തി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. അതു കിട്ടിയതാണ് പ്രതിയിലേക്ക് എത്താന്‍ തുണയായത്.
ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങള്‍ റാഡിസന്‍ ബ്ലൂ ഹോട്ടലിലായിരുന്നു താമസം. രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ഒരു കഫേ സന്ദര്‍ശിച്ച് തിരികെ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ അഖീല്‍ ഖാന്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഹെല്‍മറ്റ് വയ്ക്കാതൈയായായിരുന്നു ബൈക്കിലെ യാത്രം. താരങ്ങളുടെ വഴി തടയുകയും ഒരാളെ ബൈക്കിലിരുന്നു തന്നെ കയറിപ്പിടിക്കുകയും ചെയ്തു. പിടിവിട്ട് മുന്നോട്ടു പോയ ശേഷം തിരികെയെത്തി രണ്ടാമത്തെ താരത്തെയും കയറിപ്പിടിക്കുകയായിരുന്നു. താരങ്ങള്‍ ഉടന്‍ വിവരം ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. അദ്ദേഹമാണ് പോലീസിനെ ബന്ധപ്പെടുന്നത്.
ബിഎന്‍എസിന്റെ 74, 78 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. അതേ സമയം കളിക്കാര്‍ സുരക്ഷാ വലയത്തിന് പുറത്തേക്ക് എങ്ങനെയാണ് പോയത് എന്ന കാര്യം പരിശോധിക്കുകയാണെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

