സിഡ്നി: ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം അവസാനം സിഡ്നിയില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ മിന്നുന്ന ജയം ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തമാക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടന്ന ഇന്ത്യയുടെ ജയം ഒമ്പതുവിക്കറ്റിനാണ്. ക്യാപ്റ്റന്‍ ഗില്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കിലും മറ്റു മുതിര്‍ന്ന താരങ്ങള്‍ തീപാറുന്ന പ്രകടനമാണ് കാഴ്ചവച്ച്. അങ്ങനെ പരമ്പര കൈ വിട്ടുപോയിരുന്നെങ്കിലും ആശ്വാസ ജയത്തിനു മാറ്റു കൂട്ടാനായി. ഇതിനു മുമ്പ് പെര്‍ത്തിലും മെല്‍ബണിലും നടന്ന മത്സരങ്ങളിലായിരുന്നു ഇന്ത്യയ്ക്ക തോല്‍വി.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. എങ്കിലും നിശ്ചിത ഓവറില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 105 പന്തുകളില്‍ നിന്നായി രോഹിത് ശര്‍മ സെഞ്ചുറി നേടിയപ്പോള്‍ കോഹ്ലി 81 പന്തുകളില്‍ നിന്ന് 74 റണ്‍സ് സ്വന്തമാക്കി. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ മുപ്പത്തിമൂന്നാം സെഞ്ചുറിയാണിത്. അര്‍ധ സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് തികയ്ക്കാനായെങ്കിലും ഏകദിന മത്സരങ്ങളില്‍ സംഗക്കാരയുടെ മൊത്തം റണ്‍സ് നിലയെക്കാള്‍ മുന്നിലെത്തുന്നതിന് സാധിച്ചു. ഇനി ഇക്കാര്യത്തില്‍ കോഹ്ലിക്ക് മുന്നില്‍ ലോകത്താകെ ഇന്ത്യയുടെ സച്ചിന് മാത്രമാണുള്ളത്.

