മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ ജിയോസ്പേഷ്യല്‍ വിദഗ്ധന്‍ പ്രഫ. സഫര്‍ സാദിഖ് മുഹമ്മദ് ഗൗസ് ഐക്യരാഷ്ട്ര സഭയുടെ ജിയോ സ്പേഷ്യല്‍ സമിതികളുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പണ്‍ ജിയോസ്പേഷ്യല്‍ കണ്‍സോര്‍ഷ്യത്തിന്റെ വൈസ് ചെയര്‍മാനായും ഇദ്ദേഹം സേവനമനുഷ്ഠിക്കും. ഓരോ പ്രത്യേക പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചുള്ള പഠനമാണ് ജിയോസ്പേഷ്യല്‍ സമിതികള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നാണ് ജ്യോഗ്രഫിയുടെ സവിശേഷ ശാഖയായ ജിയോസ്പേഷ്യല്‍ മേഖലയില്‍ ഇദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇതേ വിഷയത്തില്‍ തന്നെ ഡോക്ടറേറ്റും സമ്പാദിച്ചു.
ഓസ്ട്രേലിയയിലെ ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന വിദഗ്ധനാണ് പ്രഫ. ഗൗസ്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി വിവിധ സര്‍ക്കാര്‍ മേഖലകളിലും അക്കാദമിക് മേഖലയിലുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ കാര്യങ്ങളില്‍ വിവിധ വ്യവസായങ്ങള്‍ക്ക് ഉപദേശകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയില്‍ ഇദ്ദേഹത്തിന്റെ വിദഗ്ധ സേവനം എഎഎം വൂള്പെര്ട്ട്, സിന്‍ക്ലയര്‍ നൈറ്റ് മെര്‍സ്, ഫ്രോണ്ടിയര്‍ എസ്ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കും ന്യൂസീലാന്‍ഡിനും മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇന്ത്യയ്ക്കും ഭൂമിശാസ്ത്ര മാപ്പിങ്ങിനും ഭൂമി പരിവര്‍ത്തന സാധ്യതകള്‍ക്കും ഉപദേശങ്ങള്‍ നല്‍കുന്നതിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഡിജിറ്റല്‍ എര്‍ത്ത് വൈസ് പ്രസിഡന്റ് പദവി കൂടി വഹിക്കുന്ന പ്രഫ. ഗൗസിനാണ് ഇക്കൊല്ലത്തെ പീറ്റര്‍ വുഡ്ഗേറ്റ് അവാര്‍ഡ് ലഭിച്ചത്. ഓസ്ട്രേലിയ അര്‍ബന്‍ റിസര്‍ച്ച് ഇന്‍ഫ്രാസ്ട്രക്ചറും ജിയോ സ്പേഷ്യല്‍ കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരം ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും ആദരിക്കപ്പെടുന്നതാണ്.

