ടാസ്മാനിയയില്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ തൊഴിലാളികള്‍ മേഖല തിരിച്ച് പണിമുടക്കിന്

ഹോബാര്‍ട്ട്: ടാസ്മാനിയന്‍ പൊതുമേഖലയിലെ വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി നിര്‍ത്തിവച്ചുള്ള സമരമാര്‍ഗം തേടുന്നു. ഇതിന്റെ ഫലമായി അടുത്തയാഴ്ച പൊതു വിദ്യാലയങ്ങളില്‍ അധ്യയനത്തിനും ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സയ്ക്കും തടസം നേരിടാന്‍ സാധ്യത. ഓരോ മേഖലകളായി തിരിച്ച് പകുതി ദിവസം വീതമായിരിക്കും പണിമുടക്കുക എന്നാണ് ട്രേഡ് യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച ശമ്പള വര്‍ധന സ്വീകാര്യമല്ലെന്നു പ്രഖ്യാപിച്ചാണ് പണി മുടക്കിയുള്ള സമരം.

നിലവിലുള്ള ശമ്പളസ്‌കെയിലില്‍ നിന്നു മൂന്നു ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തേക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ഇതേ രീതിയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ശമ്പള വര്‍ധന വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഈ തീരുമാനം സ്വീകാര്യമല്ലെന്നാണ് യൂണിയനുണിയനുകളുടെ നിലപാട്. ഇതിനൊപ്പം വ്യക്തഗത അവധി, ഗര്‍ഭകാല അവധി, ശിശു സംരക്ഷണ അവധി എന്നിവ കൂടി ഏര്‍പ്പെടുത്താമെന്നും വാഗ്ദാനമുണ്ടെങ്കിലും യൂണിയനുകള്‍ അവയോടും യോജിക്കുന്നില്ല. ഇക്കാര്യങ്ങള്‍ പണ്ടേ പറഞ്ഞു വരുന്നതാണെന്നും എന്നാല്‍ നടപ്പാക്കാത്തതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു.

രാവിലെ ഒമ്പതു മുതല്‍ പതിനൊന്നുവരെയായിരിക്കും മേഖലകള്‍ തിരിച്ചു പണിമുടക്കുന്നത്. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ചൊവ്വാഴ്ചയും വടക്കന്‍ മേഖലയില്‍ ബുധനാഴ്ചയും തെക്കന്‍ മേഖലയില്‍ വ്യാഴാഴ്ചയും പണിമുടക്ക് നടക്കും. അതതു മേഖലകളില്‍ സമരസമയം സ്‌കൂളുകള്‍ തുറക്കുന്നതായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ജോ പാര്‍മര്‍ അറിയിച്ചു. ആരോഗ്യമേഖലയില്‍ ഈ സമയങ്ങളില്‍ ചികിത്സ കിട്ടാന്‍ വൈകിയേക്കുമെന്നതിനാല്‍ അത്യാസന്ന രോഗികളെ ഒഴികെ അനുവദിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *