സിഡ്‌നി: പറന്നു പോയ പന്തിനെ ചാടിപ്പിടിച്ച് ലക്ഷ്യം കണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്ക് വാരിയെല്ലിനു പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായി സിഡ്‌നിയില്‍ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു സംഭവം. മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം നേടിയെങ്കിലും അയ്യര്‍ ആശുപത്രിയിലായിരിക്കുകയാണ്.
ഓസ്‌ട്രേലിയയുടെ മുപ്പത്തിമൂന്നാം ഓവറിലായിരുന്നു സ്വന്തം സുരക്ഷ അപകടത്തിലാക്കിയുള്ള അയ്യരുടെ ക്യാച്ച്. ഹര്‍ഷിത് റാണയുടെ പന്ത് അലക്‌സ് കാരി നീട്ടിയടിക്കുകയായിരുന്നു. തലയ്ക്കു മുകളിലൂടെ വരുന്ന പന്തിനു പിന്നാലെ ഓടി ഡീപ് തേര്‍ഡ് മാനു സമീപം വച്ച് ഡൈവ് ചെയ്തു പിടിക്കുകയായിരുന്നു. ക്യാച്ച് തകര്‍പ്പനായിരുന്നെങ്കിലും വാരിയെല്ലിനു പ്രശ്‌നം സംഭവിച്ച് അയ്യര്‍ ഗ്രൗണ്ടില്‍ കിടന്നു പോയി. പിന്നീട് കളം വിട്ട അയ്യരെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശേഷിക്കുന്ന കളിക്ക് അയ്യരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഒടുവില്‍ 46.4 ഓവറില്‍ 236 റണ്‍സിന് എല്ലാവരെയും പുറത്താക്കുകയും ചെയ്തു. മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

