കൂര്‍ണൂല്‍ ബസ് അപകടം, രൂക്ഷത കൂട്ടിയത് മൊബൈല്‍ ബാറ്ററികള്‍, ബസില്‍ 234 സ്മാര്‍ട്ട് ഫോണുകള്‍

ബംഗളൂരു: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ബംഗളൂരുവിലേക്കു വരികയായിരുന്ന ബസ് അപകടത്തില്‍ അതിവേഗം തീ കത്തിപ്പടര്‍ന്നതിനെപ്പറ്റിയുള്ള അന്വേഷണം എത്തി നില്‍ക്കുന്നത് ബസിലുണ്ടായിരുന്ന വലിയൊരു സ്മാര്‍ട്ട് ഫോണ്‍ ശേഖരത്തിലേക്ക്. ബസിനുള്ളില്‍ 234 സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫോണുകളുടെ ബാറ്ററികള്‍ക്കു തീപിടിച്ച് അവ പൊട്ടിത്തെറിച്ചതാകാം അതിവേഗം തീപടരുന്നതിനിടയാക്കിയതെന്ന അനുമാനം ശക്തി പ്രാപിക്കുന്നു. ഫോറന്‍സിക് വിദഗ്ധരും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവയ്ക്കുന്നത്.

ഇത്രയും സ്മാര്‍ട്ട് ഫോണുകള്‍ക്കായി 46 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മംഗനാഥ് എന്ന ബിസിനസുകാരനാണ് ഇവ പാഴ്‌സലായി അയച്ചത്. ബംഗളൂരുവിലെ ഇ കൊമേഴ്‌സ് സ്ഥാപനത്തിലേക്കായിരുന്നു ഇവ എത്തേണ്ടിയിരുന്നത്. അവിടെ നിന്നാണ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഫോണുകള്‍ അയച്ചു കൊടുക്കേണ്ടത്.

അപകടത്തിനിടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളും പറയുന്നുണ്ട്. ബാറ്ററികള്‍ക്കു പുറമെ ബസിന്റെ എയര്‍കണ്ടീഷനിങ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ രണ്ടു തരത്തിലുള്ള സ്‌ഫോടനങ്ങള്‍ നടന്നതാണ് അപകടത്തിന്റെ രൂക്ഷത കൂട്ടിയതെന്ന് അനുമാനിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *