ബംഗളൂരു: ശബരിമലയില്‍ നിന്ന് ദേവസ്വം അധികൃതരുടെ അറിവോടെ ഉണ്ണികൃഷ്ണന് പോറ്റി മോഷ്ടിച്ച സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നു കണ്ടെത്തി. സ്വര്‍ണപ്പാളികള്‍ ഉരുക്കി കട്ടിയാക്കിയ രൂപത്തിലാണ് കിട്ടിയത്. പ്രത്യേകാന്വേഷണ സംഘം പോറ്റിയുമായി ബെല്ലാരിയിലെത്തി നടത്തിയ തെളിവെടുപ്പിനിടെയാണ് സ്വര്‍ണം വീണ്ടെടുക്കാനായത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ബെല്ലാരിയില്‍ നിന്നു സ്വര്‍ണം വീണ്ടെടുക്കുമ്പോള്‍ ഉണ്ണികൃഷ്ണന് പോറ്റിയും വാങ്ങിയ ഗോവര്‍ധനും ഒപ്പമുണ്ടായിരുന്നു.
തിരികെ ലഭിച്ച സ്വര്‍ണക്കട്ടികള്‍ക്ക് അരകിലോയ്ക്കു മുകളില്‍ തൂക്കമുണ്ടെന്നാണ് അറിയുന്നത്. പോറ്റി തനിക്ക് സ്വര്‍ണം വിറ്റിരുന്നതായി ഗോവര്ധന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ബെല്ലാരിയില്‍ നിന്നുള്ള സ്വര്‍ണക്കട്ടികള്‍ക്കു പുറമെ ഉണ്ണികൃഷ്ണന് പോറ്റിയുടെ പുളിമാത്തുള്ള ഭവനത്തില്‍ നിന്ന് ഏതാനും സ്വര്‍ണ നാണയങ്ങളും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പണമായി സൂക്ഷിച്ചിരുന്ന രണ്ടും ലക്ഷം രൂപയും അവിടെ നിന്നു ലഭിച്ചിരുന്നു. ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇളക്കിമാറ്റി സുഹൃത്തായ ഗോവര്‍ധനു കൈമാറിയിരുന്നെന്ന് പോറ്റിയും നേരത്തെ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയില്‍ തെളിവെടുപ്പിന് എത്തിച്ചത്.
സ്വര്‍ണം വീണ്ടെടുക്കാനായതോടെ കേസ് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയാണ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഗോവര്‍ധനെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ മാസം 30നു പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുമെന്നതിനാല്‍ അതിനു മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്.

