പാക്കിസ്ഥാന്റെ ആണവായുധ നിയന്ത്രണം പര്‍വേഷ് മുഷറഫ് യുഎസിനു കൈമാറിയിരുന്നെന്ന്

ന്യൂഡല്‍ഹി: പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള സൈനികഇടപാടുകളിലെ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥന്‍. പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പോലും അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ ജോണ്‍ കിരിയാക്കോ.

അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇത്തരത്തിലുള്ള അവസ്ഥയിലേക്കെത്തുന്നത് ജനറല്‍ പര്‍വേശ് മുഷറഫ് പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന സമയത്താണ്. അക്കാലത്ത് ഇസ്ലാമാബാദ് കേന്ദ്രീകരിച്ചായിരുന്നു ജോണ്‍ കിരിയാക്കോയുടെ പ്രവര്‍ത്തനം. ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക കൈമാറിയത് അവ ഭീകര പ്രവര്‍ത്തകരുടെ കൈവശം എത്തിച്ചേരാതിരിക്കുന്നതിനായിരുന്നു. ഇതുള്‍പ്പെടെ വളരെ അടുത്ത ബന്ധമായിരുന്നു അമേരിക്കയും അക്കാലത്ത് പാക്കിസ്ഥാന്‍ ഗവണ്‍മെന്റും തമ്മിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച പല രഹസ്യങ്ങളും താന്‍ അറിയുന്നത് അനൗദ്യോഗിക സംഭാഷണങ്ങളിലൂടെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക സഹായമായും മറ്റു സാമ്പത്തിക സഹായങ്ങളായും അനേകം ദശലക്ഷം ഡോളറാണ് അക്കാലത്ത് അമേരിക്ക പാക്കിസ്ഥാനു നല്‍കിപ്പോന്നത്. ആഴ്ചയിലൊന്നെങ്കിലും മുഷറഫുമായി അക്കാലത്ത് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പാക്കിസ്ഥാനില്‍ യുഎസിന് എന്തൊക്കെയാണോ ആവശ്യം അതെല്ലാം ചെയ്യുന്നതിന് അദ്ദേഹം അനുമതി തരുമായിരുന്നെന്നും കിരിയാക്കോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *