കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്കൂളില്‍ മകളുടെ പഠനം തുടരുന്നതിനു താല്പര്യപ്പെടുന്നില്ലെന്നും സ്കൂള്‍ മാറ്റുകയാണെന്നും ഹിജാബ് വിവാദത്തിലെ കേന്ദ്രസ്ഥാനത്തുള്ള കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് വഴിത്തിരിവിലെത്തുന്നത്. ഹിജാബ് ധരിച്ചു തന്നെ അധ്യയനം തുടരാന്‍ കുട്ടിയെ അനുവദിക്കണമെന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്കൂള്‍ മാനേജ്മെന്റ് നല്കിയ ഹര്‍ജിയിലാണ് പിതാവ് നിലപാട് അറിയിക്കുന്നത്. കുട്ടിയും പിതാവും കോടതിയില്‍ ഹാജരായിരുന്നു.
ഇതോടെ വിഷയത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്ന സാഹോദര്യം ശക്തമായി നിലനില്‍ക്കേണ്ടതുണ്ടെന്നും സൗഹാര്‍ദപരമായാണ് എല്ലാവരും മുന്നോട്ടു പോകേണ്ടതെന്നും കേസ് കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ബന്ധപ്പെട്ട എല്ലാവരെയും ഓര്‍മിപ്പിക്കുകയും ചെയ്തു.

