മെല്‍ബണ്‍: വിക്ടോറിയയിലെ വ്യത്യസ്ത വിശ്വാസധാരകളെ ഒരു മേശയ്ക്കു ചുറ്റും അണിനിരത്തി ബഹുസ്വര സമ്മേളനം. സമാധാനവും ഐക്യവും സാമൂഹ്യമായ ചേര്‍ച്ചയും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിക്ടോറിയന്‍ മള്‍ട്ടിക്കള്‍ച്ചറല്‍ കമ്മീഷന് (വിഎംസി)സംഘടിപ്പിച്ച പരിപാടിയില്‍ ക്രിസ്ത്യന്‍, ജൂത, മുസ്ലിം. സിക്ക്, ഹിന്ദു, ബുദ്ധ, ബഹായി വിശ്വാസ ധാരകളില്‍ നിന്നുള്ള സീനിയര്‍ ആചാര്യന്മാര് ഒത്തുചേര്‍ന്നു. കൂടുതല്‍ പരസ്പര സഹകരണവും പരസ്പരമുള്ള അംഗീകാരവും ഉറപ്പാക്കുമെന്ന് എല്ലാ നേതാക്കളും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇന്‍ക്ലൂസീവ് വിക്ടോറിയ എന്നതായിരുന്നു കൂടിച്ചേരലിന്റെ ചര്‍ച്ചാവിഷയം.
വിവിധ മതധാരകള്ക്കിടയിലെ അന്യോന്യമുള്ള ആശയവിനിമയവും പങ്കുവയ്പും രാജ്യത്തിന്റെ ഐക്യത്തിനു കൂടിയേ തീരൂ എന്ന് പരിപാടിക്ക് ആതിഥ്യം വഹിച്ച വിഎംസിയുടെ ചെയര്പേഴ്സന് വിവിയന്‍ എന്ഗുയന് അഭിപ്രായപ്പെട്ടു. ഓരോ മതധാരയുടെയും പ്രതിനിധികള്‍ ഐക്യത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ടായിരുന്നു സംസാരിച്ചത്. സമൂഹത്തിന്റെ കെട്ടുറപ്പും അന്യോന്യ സമവായവും എല്ലാ പരിമിതികളെയും മറികടക്കേണ്ടതാണെന്നും പൊതുവായ പ്രഖ്യാപനം സമ്മേളനത്തില്‍ നിന്നുണ്ടായി.
പരസ്പരമുള്ള ഐക്യത്തിന്റെ അടയാളമെന്നോണം എല്ലാ അംഗങ്ങളും കടലാസ് ചിത്രശലഭങ്ങളെ ഏറ്റുവാങ്ങി. ഓരോ കടലാസ് ശലഭത്തിലും ഐക്യത്തിന്റെ മുദ്രാവാക്യങ്ങളായിരുന്നു ആലേഖനം ചെയ്തിരുന്നത്.

