മെല്‍ബണ്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സമൂഹം ദീപാവലി കളറാക്കി, ആഘോഷം അതിരുകളില്ലാതെ

മെല്‍ബണ്‍: മെല്‍ബണ്‍ സര്‍വകലാശാലയില്‍ തകര്‍പ്പന്‍ ദീപാവലി ആഘോഷം. ഇന്ത്യക്കാരായ ആയിരത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും ഏതാനും പ്രവാസികളും ഒത്തുചേര്‍ന്നാണ് യൂണിവേഴ്‌സിറ്റിയുടെ പാര്‍ക്ക് വില്ലേ കാമ്പസില്‍ ആഘോഷം സംഘടിപ്പിച്ചത്. പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഫാക്കല്‍റ്റി പ്രതിനിധികളും വന്നുചേരുകയും ചെയ്തു. എല്ലാം കൂടിയായപ്പോള്‍ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും ആകര്‍ഷകമായ പരിപാടികളിലൊന്നായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഉത്സവം മാറി.

പരിപാടികളുടെ ഭാഗമായി ഗംഭീരമായ ദീപാവലി സദ്യ, ബോളിവുഡ് സിനികളില്‍ നിന്നുള്ള ഗാന നൃത്ത രംഗങ്ങളുടെ ആവിഷ്‌കാരം, ഹെന്ന പെയിന്റിങ്, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള വ്യത്യസ്തമായ കലാപരിപാടികള്‍ എന്നിവയൊക്കെയുണ്ടായിരുന്നു. രണ്ടു ഭാഗങ്ങളായിട്ടായിരുന്നു ആഘോഷം. ഒന്നാം ഭാഗത്തില്‍ വിദ്യാര്‍ഥികളുടെ മാത്രം കൂടിച്ചേരലായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ തനതു പരിപാടികളുമായി അരങ്ങിലെത്തി. അതിനുശേഷം യൂണിവേഴ്‌സിറ്റി മേഖലയിലെ ഇന്ത്യന്‍ സമൂഹം മുഴുവന്‍ ഒത്തുചേര്‍ന്ന വിപുലമായ ആഘോഷമായിരുന്നു. ഇതില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുത്തു.

ദീപാവലി ആഘോഷം വ്യത്യസ്ത സാംസ്‌കാരിക തനിമകള്‍ക്ക് യൂണിവേഴ്‌സിറ്റി എത്രമാത്രം ഇടം അനുവദിക്കുന്നു എന്നതിന്റെ അടയാളമാണ് കാമ്പസില്‍ നടന്ന ദീപാവലി ആഘോഷമെന്ന് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രഫ. മൈക്കിള്‍ വെസ്ലി അഭിപ്രായപ്പെട്ടു. ഈ സര്‍വകലാശാലയിലെ സാംസ്‌കാരികമായ വൈവിധ്യത്തെയാണ് ദീപാവലി ആഘോഷം ഷോകെയ്‌സ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *