്അഡലെയ്ഡ്: മൂന്നു മീന്‍പിടുത്ത സങ്കേതങ്ങലില് അനുവദനീയമായി പിടിക്കാവുന്ന മീനിനു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സൗത്ത് ഓസ്ട്രേലിയന്‍ ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനം. നേരമ്പോക്കിനും സ്വന്തം ആവശ്യത്തിനും മീന്‍ പിടിക്കുന്നവരും മീന്‍പിടുത്തം കമ്പമായി മാറിയിരിക്കുന്നവരുമാണ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കൂടുതലായി രംഗത്തു വന്നിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ മീന്‍ പിടിക്കുന്നവരും എതിര്‍പ്പുമായി രംഗത്തുണ്ട്. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നത്.
പുതിയ നിയന്ത്രണങ്ങളനുസരിച്ച് ഗള്‍ഫ് സെന്റ് വിന്‍സന്റ്, കംഗാരു ഐലന്റ്, സ്പെന്‍സര്‍ ഫിഷിങ് സോണിലും സ്പെന്‍സര്‍ ഗള്‍ഫിലും വാണിജ്യാടിസ്ഥാനത്തിലുളഅള മീന്‍പിടുത്തം നിരോധിച്ചിരിക്കുകയാണ്. സ്വന്തം ഇഷ്ടത്തിനു വേണ്ടി മീന്‍ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. നേരത്തെ അനുവദനീയമായിരുന്നതിന്റെ പകുതി എണ്ണം മാത്രമേ നവംബര്‍ ഒന്നുമുതല്‍ പിടിക്കാനാവൂ. ഈ നിയന്ത്രണങ്ങള്‍ 2026 ജൂണ്‍ മാസം വരെ പ്രാബല്യത്തിലുണ്ടാകും. ഗള്‍ഫ് സെന്റ് വിന്‍സന്‍്റ്, കംഗാരു ഐലന്റ്, സ്പെന്‍സര്‍ ഗള്‍ഫ് എന്നിവിടങ്ങളില്‍ മീനിന്റെ തോത് തീരെ കുറയുന്നതായി പഠനങ്ങളില്‍ വ്യക്തമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്തുന്നതെന്ന് പ്രീമിയര്‍ പീറ്റര്‍ മലിനൗസ്കാസ് പറഞ്ഞു.

