സിഡ്‌നി: റീട്ടെയ്ല്‍ കടകളിലെ അക്രമ സംഭവങ്ങള്‍ തടയുന്നതിന് സംസ്ഥാന വ്യാപകമായി പദ്ധതി തയാറാക്കി ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ്. കടകളിലെത്തുന്ന അക്രമികളെ മുന്‍കൂട്ടി തിരിച്ചറിയുന്നതിനു സഹായിക്കുന്ന വിധത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും ഒരിക്കല്‍ അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിന്നീട് കടകളില്‍ കയറുന്നതില്‍ നിന്നു തടയുന്നതുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പോലീസ് ഫോഴ്‌സ് റീട്ടെയ്ല്‍ ക്രൈം സ്ട്രാറ്റജി എന്ന പേരില്‍ പദ്ധതി തയാറാക്കിയിരിക്കുകയാണെന്ന് പോലീസ് വകുപ്പു മന്ത്രി യാസ്മിന്‍ കാറ്റ്‌ലീ വെളിപ്പെടുത്തി.
ഒരിക്കല്‍ കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടിരിക്കുന്നവര്‍ക്കെതിരേ പ്ലേസ് റെസ്ട്രിക്ഷന്‍ ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നതാണ്. സെന്‍ട്രല്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ പരീക്ഷിച്ച് വിജയമെന്നു കണ്ടതിനാല്‍ ഈ പദ്ധതി സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സെന്‍ട്രല്‍ മെട്രോപ്പൊളിറ്റന്‍ മേഖലയില്‍ നിന്നു മാത്രം 1395 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടു കാര്യങ്ങള്‍ റീട്ടെയ്ല്‍ മേഖലയുടെ സുരക്ഷിതത്വത്തിനായി നടപ്പാക്കാനാണ് തീരുമാനം. റീട്ടെയ്ല്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ എത്തുന്ന എല്ലാവരെയും സ്‌കാന്‍ ചെയ്ത് അവരില്‍ കത്തി ഒളിപ്പിച്ചെത്തുന്നവരെ പിടികൂടാനുള്ള പദ്ധതിയാണ് ഇതിലൊന്ന്. ഓരോ പോലീസ് റീജണിലും സ്ഥിരം പോലീസ് സാന്നിധ്യം ഉറപ്പാക്കുന്ന പോയിന്റുകള്‍ തുടങ്ങുന്നതാണ് രണ്ടാമത്തേത്. ഇതുവഴി പ്രശ്‌നം ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാന്‍ പോലീസിനു സാധിക്കും. ഈ പദ്ധതിയുടെ പ്രയോജനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആരായുന്നതിനായി കടയുടമകളും പോലീസും ഒരു പോലെ പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍ ചേരുന്നതായിരിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്യോണ്‍ വെളിപ്പെടുത്തി.

