വെല്ലിങ്ടന്‍: വേതനത്തില്‍ വര്‍ധനയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് ന്യൂസീലാന്‍ഡില്‍ രാജ്യവ്യാപക പ്രതിഷേധം. പണിമുടക്കി ആയിരങ്ങളാണ് രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ശമ്പളത്തിന്റെ പോരായ്മയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ അഭാവവും ന്യൂസീലാന്ഡിലാകെ പുകയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. അമര്‍ഷം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് വ്യാഴാഴ്ച കാണാന്‍ സാധിച്ചത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴില്‍ സമരമാണ് ഉണ്ടായതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
താരതമ്യേന കുറഞ്ഞ വേതനം, ജീവനക്കാരുടെ കുറവ് നിമിത്തം സര്‍വീസിലുള്ളവരുടെ ജോലിഭാരം, അവശ്യ വിഭവങ്ങളുടെ വിതരണത്തിലെ പ്രശ്നങ്ങള്‍, അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സഖ്യസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിവിധ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് അഹ്വാനം ചെയ്തത്. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്, പബ്ലിക് സര്‍വീസ് അസോസിയേഷന്, പോസ്റ്റ് പ്രൈമറി ഓര്ഗനൈസേഷന്, ന്യുസീലാന്‍ഡ് നഴ്സസ് ഓര്ഗനൈസേഷന്, അസോസിയേഷന് ഓഫ് സാലറീഡ് മെഡിക്കല്‍ സ്പെഷലിസ്റ്റ്സ് (എഎസ്എംഎസ്) എന്നീ സംഘടനകളായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
പണി മുടക്കുന്നവരില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പ്രൈമറി, സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവരായിരുന്നു പ്രധാനം. കാലാവസ്ഥ മോശമായിരുന്നെങ്കിലും ആയിരങ്ങളാണ് മിക്കസ്ഥലങ്ങളിലും പ്രകടനത്തിന് നിരത്തുകളിലിറങ്ങിയത്.

