വാഷിങ്ടന്‍: പാക്കേജുകളുടെ വിതരണം വേഗത്തിലാക്കാനും ഫോണിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ഡെലിവറി ഏജന്റുമാര്‍ക്ക് എഐ സ്മാര്‍ട്ട് ഗ്ലാസ് നല്‍കാനൊരുങ്ങി ആമസോണ്‍. ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന സാധനങ്ങളുടെ ഡെലിവറി വേഗത്തിലും മികച്ച രീതിയിലും കൈകൊണ്ടു തൊടാത്തരീതിയിലും എത്തേണ്ടയിടങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് പുതിയ സമ്പ്രദായത്തിലേക്കുള്ള മാറ്റം ആമസോണ്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
ഫോണ്‍ പുറത്തെടുക്കാതെ തന്നെ പാക്കേജുകള്‍ സ്‌കാന്‍ ചെയ്യാനും ഉപഭോക്താവിലേക്കുള്ള വഴി മനസിലാക്കാനും ഡെലിവറി ചെയ്തതിന്റെ തെളിവുകള്‍ രേഖപ്പെടുത്താനും ഈ ഗ്ലാസുകള്‍ ഡെലിവറി ഏജന്റുമാരെ സഹായിക്കും. എഐ സെന്‍സിങ് ടെക്‌നോളജി, റിയല്‍ ടൈം ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ ഡെലിവറി ഏറ്റവും കാര്യക്ഷമമായി പൂര്‍ത്തിയാക്കാനും ഇതുവഴി സാധിക്കും. പൂര്‍ണ തോതില്‍ ഇതിന്റെ ഉപയോഗം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയാണിപ്പോള്‍.

