ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ ജോലിക്കിടെ സ്വകാര്യമായി മറ്റു ജോലികള്‍ ചെയ്തതിന് ഇന്ത്യന്‍ വംശജന് അറസ്റ്റില്‍. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ മെഹുല്‍ ഗോസ്വാമി എന്ന യുവാവാണ് അറസ്റ്റിലായത്. ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ജോലി ചെയ്യുന്നതിനിടെ കരാര്‍ ജോലികള്‍ ചെയ്തതാണ് ഇയാളുടെ പേരിലുള്ള കുറ്റം. സര്‍ക്കാര്‍ ജോലിക്കൊപ്പം മറ്റ് ഏതു സ്വകാര്യ ജോലി ചെയ്യുന്നതും അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പിനു തുല്യമായ കുറ്റമായാണ് പരിഗണിക്കുക.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസും സാരറ്റോഗ കോണ്ടി ഓഫീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്തിയത്. അമേരിക്കയിലെ നികുതിദായകര്‍ നല്കിയ അമ്പതിനായിരത്തിലധികം ഡോളര്‍ ദുരുപയോഗം ചെയ്തതിനു തുല്യമായ കുറ്റമാണിതെന്നു പോലീസ് പറയുന്നു. ഗവണ്മെന്റ് ജോലിക്കിടെ ഇയാള്‍ മാള്‍ട്ടയിലെ സെമികണ്ടക്ടര്‍ കമ്പനിയായ ഗ്ലോബല്‍ ഫൗണ്ടറീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടി ജോലി നോക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

