ന്യൂഡല്‍ഹി: ഒരു വശത്തു കൂടി ഇന്ത്യയുമായ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുകയും വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യുന്നതിനിടെ മറുവശത്ത് ചൈന അതിര്‍ത്തിയിലെ വിവാദ ഇടപെടലുകള്‍ തുടരുന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് പാംഗോങ് തടാകത്തിന്റെ കിഴക്കന്‍ ഭാഗത്ത് കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊരു വ്യോമ പ്രതിരോധ സമുച്ചയമാണെന്ന വിവരമാണ് ഇന്ത്യയ്ക്കു കിട്ടിയിരിക്കുന്നത്.
ഈ കെട്ടിടത്തില്‍ കമാന്‍ഡ് കണ്‍ട്രോള്‍ ഓഫീസ്, ബാരക്കുകള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം യുദ്ധോപകരണങ്ങളുടെ സൂക്ഷിപ്പു സ്ഥലം, റഡാറുകള്‍ എന്നിവയെല്ലാം ഉണ്ട്. ഇതൊരു കെട്ടിട സമുച്ചയമാണെന്ന വിവരമാണ് പുറത്തു വരുന്നത്. തനിയെ മാറുകയും തിരികെ അടയുകയും ചെയ്യുന്ന പ്രത്യേക രീതിയിലുള്ള മേല്‍ക്കൂരയാണ് കെട്ടിടത്തിനുള്ളത്. ചില പ്രത്യേക ആയുധങ്ങളും ആയുധ വാഹക വാഹനങ്ങളും ഉപയോഗിക്കുന്നതിനുള്ള സൗകര്യത്തിനാണേ്രത ഇങ്ങനെ ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ സര്‍ഫസ് ടു എയര്‍ അഥവാ കരയില്‍ നിന്നു തൊടുത്തിവിടാവുന്ന മിസൈലുകളുടെ ശേഖരമാണുള്ളതെന്നും പറയപ്പെടുന്നു.
അമേരിക്ക ആസ്ഥാനമായുള്ള ജിയോ ഇന്റലിജന്‍സ് സ്ഥാപനമായ ആള്‍സോഴ്‌സ് അനാലിസിസിലെ വിദഗ്ധരാണ് ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെ കെട്ടിടത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അനേക കോടികള്‍ ചെലവഴിച്ച് ഏറെക്കാലത്തെ പരിശ്രമത്തിലൂടെയാവണം കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നു കരുതപ്പെടുന്നു.

