സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി പ്രവാസി ലോകത്തിന് ഏറെ പ്രിയങ്കരനായിരുന്ന റോസ്്ഹില്‍ സ്വദേശി സ്റ്റാന്‍ലി ജോസ് ഓര്‍മയായി. ഒരിക്കല്‍ പരിചയപ്പെടുന്നവരുടെയൊക്കെ മനസിലേക്ക് സൗമ്യമായി കടന്നു വന്ന് സ്വന്തമായി ഒരിടം കണ്ടെത്തിയിരുന്ന സ്റ്റാന്‍ലിയുടെ വിയോഗം വിപുലമായ സുഹൃദ്‌വലയത്തിലുള്ള എല്ലാവരെയും ദുഖത്തിലാഴ്ത്തുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച അതിരാവിലെയായിരുന്നു അനുഗൃഹീത ഗായകന്‍ കൂടിയായിരുന്ന സ്റ്റാന്‍ലിയുടെ ദേഹവിയോഗം. സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 31ന് രാവിലെ പത്തരയ്ക്ക് ന്യൂസൗത്ത്‌വെയില്‍സ് ബ്ലാക്ക്ടൗണ്‍, 58 ഓര്‍വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് കാത്തലിക് പള്ളിയില്‍ നടക്കും. അര്‍ബുദബാധിതനായി കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലൂടെ കടന്നു പോകുകയായിരുന്നു. രോഗശമനത്തിന്റെ ഏറെ പ്രതീക്ഷകള്‍ എല്ലാവര്‍ക്കും നല്‍കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ കണ്ടിരുന്നെങ്കിലും മരണം അവിചാരിതമായിരുന്നു.
സ്റ്റാന്‍ലിയുടെ കുടുംബാംഗങ്ങളോടൊപ്പം മലയാളീപത്രവും അഗാധമായി അനുശോചിക്കുന്നു. പരേതനു നിത്യശാന്തി നേരുന്നു.

