അയര്‍ലണ്ടില്‍ കുടിയേറ്റ വിരുദ്ധ കലാപം, ഐറിഷ് യുവാവിനെതിരായ പീഡനകേസില്‍ തുടക്കം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ച്ചയായി രണ്ടു രാത്രികളില്‍ കലാപകാരികള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. അക്രമാസക്തമായ രീതിയില്‍ പ്രകടനം നടത്തിയ ഇരുപത്തിനാലു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. കലാപത്തി്‌ന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതില്‍ കലാപകാരികള്‍ പോലീസിനെ ആക്രമിക്കുന്നതും പോലീസ് വാഹനം കത്തിക്കുന്നതുമൊക്കെ കാണാം.

കല്ലുകള്‍, ഇഷ്ടികകള്‍, പടക്കങ്ങള്‍ എന്നിവ പോലീസിനു നേരെ എറിഞ്ഞും പ്രകോപനകരമായ പ്രസംഗങ്ങള്‍ നടത്തിയുമാണ് കലാപകാരികളുടെ അഴിഞ്ഞാട്ടം. ഏറു കൊണ്ട് ഒരു പോലീസുകാരന്റെ തലയ്ക്കും മറ്റൊരാളുടെ കൈക്കുമാണ് പരിക്കേറ്റത്. പടിഞ്ഞാറന്‍ ഡബ്ലിനിലെ നഗരപ്രാന്തത്തിലുള്ള അഭയാര്‍ഥി അപേക്ഷകര്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിനു പുറത്താണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംരക്ഷണ പരിപാടിയുടെ ഭാഗമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സംരക്ഷണ കേന്ദ്രമാണ് ആദ്യം ആക്രമിക്കപ്പെട്ടത്.

ഒരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് തിങ്കളാഴ്ച നടന്ന സമാധാനപരമായ പ്രകടനത്തിനു പിന്നാലെയാണ് അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള കുടിയേറ്റ വിരുദ്ധ കലാപം ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐറിഷ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ ടുസ്ലയുടെ സംരക്ഷണയിലായിരുന്ന പത്തു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 26 വയസുള്ള ഡബ്ലിന്‍ സ്വദേശിയായ യുവാവിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ചെറുപ്പക്കാരായ ഏതാനും പേരാണ് കലാപത്തിനു തുടക്കമിട്ടത്. പിന്നീട് നിരവധിയാള്‍ക്കാര്‍ അത് ഏറ്റുപിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *