ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ഡല്‍ഹിയിലെ അന്തരീക്ഷ വായു എത്തിയതായി പഠനങ്ങള്‍ വെളിവാക്കുന്നു. ഇക്കൊല്ലം ജനുവരിക്കു ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടിരുന്നതാണ്. എന്നാല്‍ ജനുവരി അങ്ങേയറ്റം വിഷലിപ്തവുമായിരുന്നു. ദീപാവലിക്കു ശേഷം ഡല്‍ഹി അതേ നിലവാരത്തിലേക്കു തിരിച്ചുപോയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ദീപാവലി ആഘോഷങ്ങളാണ് ഈ അവസ്ഥയിലേക്ക് അതിവേഗം രാജ്യ തലസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന വായുവിന്റെ നിലവാരത്തിന് നിഷ്‌കര്‍ഷിക്കുന്ന തോതുകളില്‍ നിന്ന് വളരെ താഴെയാണിപ്പോള്‍ ഡല്‍ഹി. ദീപാവലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വായുവിന്റെ നിലവാരത്തില്‍ മെച്ചമുണ്ടാകുന്നില്ലെന്നു മാത്രമല്ല പിന്നോട്ടുള്ള പോക്ക് തുടരുകയുമാണ്.
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ പഠനമനുസരിച്ച് ദീപാവലി ദിനത്തില്‍ നഗരത്തിലെ ശരാശരി പിഎം സാന്ദ്രത (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ ഡെന്‍സിറ്റി-വായുവില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്മ ഖരവസ്തുക്കളുടെയും ദ്രാവക തന്മാത്രകളുടെയും സാന്ദ്രത) ക്യുബിക് മീറ്ററില്‍ 228 മൈക്രോഗ്രാം എന്ന തോതിലായിരുന്നു. തൊട്ടടുത്ത ദിവസം ഇത് അതില്‍ നിന്നും ഉയര്‍ന്നു. ഇപ്പോഴും ഉയര്‍ന്നു കൊണ്ടേയിരിക്കുകയുമാണ്.

