ന്യൂഡല്‍ഹി: റഷ്യന്‍ സേനയില്‍ അകപ്പെട്ടു പോയ ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനടുത്ത് പരാതിയുമായി യുവതി. ഹൈദരാബാദ് സ്വദേശിയായ അഫ്ഷ ബീഗമാണ് ഭര്‍ത്താവ് മുഹമ്മദ് അഹമ്മദിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. യുക്രെയ്‌ന് എതിരേ യുദ്ധം ചെയ്യാന്‍ തന്റെ ഭര്‍ത്താവിനെ റഷ്യന്‍ സേന നിര്‍ബന്ധിക്കുകയാണെന്നും അവരുടെ ആയുധ പരിശീലന ക്യാമ്പില്‍ അദ്ദേഹം അകപ്പെട്ടിരിക്കുകയാണെന്നും ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും യുവതി പരാതിപ്പെടുന്നു. എത്രയും വേഗം അദ്ദേഹത്തെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
മുംബൈയിലുള്ള ഒരു തൊഴില്‍ ഏജന്റിന്‍്‌റെ ചതിയില്‍ പെട്ടാണ് അഹമ്മദ് റഷ്യയിലെത്തുന്നത്. അവിടെ സൈന്യത്തിന്റെ ക്യാമ്പില്‍ ്അകപ്പെട്ടതോടെ ജോലിക്കുള്ള കരാര്‍ ഒപ്പിടാതെ പറ്റില്ലെന്നായി. അതിനു ശേഷം ഒരു നമ്പര്‍ അനുവദിക്കുകയും ചെയ്തു. ആ നമ്പരില്‍ മാത്രമാണ് ഇപ്പോള്‍ അഹമ്മദ് അറിയപ്പെടുന്നത്. നിലവില്‍ യുക്രെയ്‌ന് സമീപത്തുള്ള അതിര്‍ത്തി പ്രദേശത്തെ ക്യാമ്പിലാണ് ഇദ്ദേഹം ഉള്‍പ്പെടെ നിരവധി യുവാക്കളെ പാര്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ യുദ്ധ മുന്നണിയിലേക്ക് നീങ്ങേണ്ടതായി വരുമെന്ന് അഹമ്മദ് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.
നിര്‍മാണ മേഖലയില്‍ ജോലി ലഭിക്കുമെന്നു പറഞ്ഞ് ഈ ഏപ്രിലിലാണ് ഇയാളെ റഷ്യയിലെത്തിക്കുന്നത്. ആദ്യമൊന്നും ജോലി ലഭിച്ചതേയില്ല. പിന്നീട് പേരിനു മാത്രം രണ്ടു ജോലിയിലാക്കിയെങ്കിലും അതൊന്നും സ്വീകാര്യമായിരുന്നില്ല. അങ്ങനെയാണ് മിലിറ്ററി ക്യാമ്പില്‍ കൊണ്ടു ചെന്നാക്കുന്നത്. അവിടെ ഈ മാസം പതിനൊന്നിന് കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

