ചെന്നൈ: പ്രശസ്ത സിനിമ സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും സജീവമായിരുന്നു. പ്രശസ്ത സംവിധായകരായ ഫാസില്‍, സിദ്ദിഖ്, സിബി മലയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമയുടെ സാങ്കേതിക വിദ്യയിലുള്ള ആഴത്തിലുള്ള അറിവാണ് അദ്ദേഹം സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്ത ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. സിനിമയില്‍ പുതുമുഖങ്ങളായ നടീനടന്‍മാര്‍ക്കു പോലും ഏറ്റവും സുരക്ഷിതമായി സ്റ്റണ്ട് സീനുകള്‍ അഭിനയിക്കുന്നതിന് അദ്ദേഹത്തിന്റെ സാന്നിധ്യം തുണയായിട്ടുണ്ട്. വിവിധ ഭാഷകളിലായി നൂറോളം സിനിമകള്‍ക്കാണ് ഭാസ്‌കര്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. യാഥാര്‍ഥ്യ ബോധത്തോടെയും എന്നാല്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലും ഫൈറ്റുകളും മറ്റും ക്രമീകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മികവ്. പല തലമുറകളിലെ സംവിധായകരുമായു നടീനടന്‍മാരുമായും അടുത്ത ബന്ധമാണ് ഭാസ്‌കര്‍ സൂക്ഷിച്ചിരുന്നത്.

