ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ബാങ്ക് നിരോധിക്കുന്ന കാര്യം ഡിജിസിഎ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ബാങ്ക് നിരോധിക്കുന്ന കാര്യം ഡയറക്ടറേറ്റ് ഓഫ് സിവിള്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗൗരവമായി പഠിക്കുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കില്‍ നിന്നും തീ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം. സംഭവത്തില്‍ ആര്‍്ക്കും പരിക്കില്ലാതെ രക്ഷപെട്ടത് കാബിന്‍ക്രൂവിന്റെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷാ വീഴചയ്ക്ക് കാരണമായേക്കാമെന്ന ആശങ്ക ഇതോടെയാണ് വ്യാപകമായിരിക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് വിമാനങ്ങളില്‍ യാത്രക്കാര്‍ പവര്‍ബാങ്ക് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നു കണ്ടെത്താനുള്ള പഠനം ഡിജിസിഎ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിലെ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയോ അപകടസാധ്യതയുള്ള ഉപകരണങ്ങളുമായി യാത്രക്കാര്‍ കയറുന്നത് തടയുകയോ വേണമെന്നാണ് ആവശ്യമുയരുന്നത്.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അവരുടെ എല്ലാ വിമാനങ്ങളിലും ഒക്ടോബര്‍ ആദ്യം മുതല്‍ പവര്‍ബാങ്ക് നിരോധിച്ചിട്ടുണ്ട്. നിലവില്‍ നുറു വാട്ടില്‍ താഴെയുള്ള പവര്‍ബാങ്ക് മാത്രമാണ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവ പോലും വിമാനത്തിനള്ളില്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാറില്ല.