അപൂര്‍വ ധാതുക്കളുടെ കൈമാറ്റത്തിന് ഓസീസ്-അമേരിക്ക കരാര്‍, 850 കോടി ഡോളറിന്‍റെ വന്‍ ഇടപാട്

സിഡ്നി: ഓസ്ട്രേലിയയില്‍ നിന്ന് അപൂര്‍വ ധാതുക്കളും അവശ്യ മൂലകങ്ങളും അമേരിക്കയ്ക്കു നല്‍കുന്നതിനുള്ള 850 കോടി അമേരിക്കന്‍ ഡോളറിന്‍റെ കരാറില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിയും ഒപ്പു വച്ചു. ഇത്തരം മൂലകങ്ങളും ധാതുക്കളും കൈമാറുന്ന കാര്യം വച്ച് വിലപേശി അമേരിക്കയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നിലപാടില്‍ നിന്നു ട്രംപിനു രക്ഷയാകുകയാണ് ഓസ്ട്രേലിയയുമായുള്ള കരാര്‍.

ഈ കരാറോടെ ഓസ്ട്രേലിയയ്ക്കും അമേരിക്കയ്ക്കും മധ്യേയുള്ള എല്ലാ വാണിജ്യ ധാരണകളുടെയും തലപ്പത്തേക്ക് ധാതുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യത കടന്നു വരികയാണെന്നു പറയുന്നു. ഇത്തരം കരാര്‍ നടപ്പിലായതില്‍ ഏറ്റവും സന്തോഷിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് തന്നെയാണ്. കാരണം ഇത്തരം ധാതുക്കളുമായി ബന്ധപ്പെട്ട ചൈനീസ് നിലപാട് അമേരിക്കയ്ക്കു പരിഹാരമില്ലാത്ത പ്രശ്നമായി തുടരുകയായിരുന്നു. ഇനി ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്കു വേണ്ടത്ര അപൂര്‍വ ധാതുക്കളും മറ്റും ലഭിക്കാന്‍ പോകുകയാണ്. അവ ഉപയോഗിച്ച് ഇനി എന്തൊക്കെ തുടങ്ങാമെന്നു തീരുമാനിക്കുക മാത്രമാണ് ഞങ്ങള്‍ക്കു മുന്നിലുള്ള വഴി.

ആധുനിക കാലത്തെ അനേകം നിത്യോപയോഗ വസ്തുക്കള്‍ നിര്‍മിക്കുന്നതിനാണ് അപൂര്‍വ ധാതുക്കള്‍ ആവശ്യമായി വരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കാറ്റാടി യന്ത്രഭാഗങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, സൈനികായുധങ്ങള്‍ തുടങ്ങി നൂറു കണക്കിന് സാമഗ്രികളുടെ അനുബന്ധ വസ്തുക്കള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് ഇത്തരം ധാതുക്കളും മൂലകങ്ങളും കൂടിയേ തീരൂ. ചുരുക്കത്തില്‍ അമേരിക്കയുടെ വ്യാവസായിക വളര്‍ച്ചയെ തന്നെ കത്തി മുനയില്‍ നിര്‍ത്താനുള്ള ചൈനയുടെ നീക്കത്തെ ചെറുക്കുന്നതിന് ഈ കരാറിലൂടെ ട്രംപിനു സാധിക്കുന്നു.