സിഡ്നി: ഇസ്രയേലില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ നിര്‍വഹണ ടീമിലേക്ക് ഒരു ഓസ്ട്രേലിയന്‍ സൈനിക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനം. അമേരിക്കയുടെ ആഭിമുഖ്യത്തിലായിരിക്കും ഇപ്രകാരം നിര്‍വഹണ സമിതി ഇസ്രയേലില്‍ ചുമതലയേല്‍ക്കുക.
നിലവില്‍ യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന മേഖലകളിലെ മാനുഷികമായ കാര്യങ്ങള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുക എന്നതായിരിക്കും ഈ സമിതിയുടെ കര്‍ത്തവ്യം. സിവിള്‍-മിലിറ്ററി ഏകോപന സമിതി എന്നായിരിക്കും ഈ സമിതി അറിയപ്പെടുക. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനു ട്രംപ് മുന്നോട്ടു വച്ച ഇരുപതിന പരിപാടിയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്തരം സമിതിയുടെ രൂപീകരണം. സമാധാന പദ്ധതി നിലവില്‍ വരുന്നതിനു പങ്കാളിത്തം വഹിച്ച എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഈ സമിതിയിലുണ്ടാകണമെന്നാണ് തീരുമാനം.
ഇതു സംബന്ധിച്ച് സഹകരണം ആവശ്യപ്പെട്ട് അമേരിക്കയില്‍ നിന്നു വിവിധ ലോകരാജ്യങ്ങള്‍ക്ക് സന്ദേശം പോയിട്ടുണ്ട്. സന്ദേശം ലഭിച്ച രാജ്യങ്ങളുടെ കൂടെയാണ് ഓസ്ട്രേലിയയും. ബുധനാഴ്ച വൈകി ഫെഡറല്‍ ഗവണ്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഒരു ഓഫീസറുടെ സേവനം പൂര്‍ണമായി വിട്ടുകൊടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

