വാടകക്കാരുടെ സ്വകാര്യ ഡാറ്റ ഏജന്റുമാരുടെ പക്കലെത്താതെ സര്‍ക്കാര്‍ സൂക്ഷിക്കാന്‍ ആലോചന

സിഡ്‌നി: വീടുകള്‍ വാടകയ്‌ക്കെടുക്കുന്നവര്‍ നേരിടുന്ന വ്യക്തിഗത വിവര ചോര്‍ച്ചയുടെ പ്രശ്‌നം പരിഹരിക്കുന്നതിനു പുതിയ വഴികള്‍ തേടുന്നതിനു ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതി തയാറാക്കുന്നു. നിലവില്‍ വീടുകള്‍ വാടകയ്‌ക്കെടുക്കുന്നവര്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ പലതും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുമായി പങ്കുവയ്‌ക്കേണ്ടതായി വരുന്നുണ്ട്. ഡാറ്റ ചോര്‍ച്ച സര്‍വസാധാരണമായിരിക്കേ വളരെയധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു സൗകര്യമില്ലാത്ത ഏജന്റുമാരുടെ പക്കലെത്തുന്നത് വിവര ചോര്‍ച്ചയ്ക്കു നയിക്കുന്ന സാഹചര്യമേറെയാണെന്ന് കുറേക്കാലമായി വിമര്‍ശനം ഉയരുകയായിരുന്നു. ഇതിനുള്ള പരിഹാര മാര്‍ഗമാണ് ഫെഡറല്‍ ഗവണ്‍മെന്റ് അന്വേഷിക്കുന്നത്.

ഓരോ വാടകക്കാരനും സ്വന്തം ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയൊക്കെയാണ് ഏജന്റുമാര്‍ക്ക് കൈമാറേണ്ടതായി വരുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് ഇവര്‍ക്കു കഴിയണമെന്നില്ല. ഇതിനെതിരേ വാടകക്കാര്‍ പലപ്പോഴും സംശയം ഉന്നയിക്കാറുള്ളതാണ്.

ഇതിനു പകരമായി ഓരോ വ്യക്തിക്കും ഡിജിറ്റല്‍ ഐഡികള്‍ കൊടുക്കുകയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കായാലും ഈ ഐഡികള്‍ മാത്രം ഷെയര്‍ ചെയ്യുകയും ചെയ്യുന്നതിനുള്ള സാധ്യതയാണ് ഗവണ്‍മെന്റ് പരിശോധിക്കുന്നത്. ഏജന്റുമാര്‍ക്ക് ആവശ്യമെങ്കില്‍ സ്വകാര്യ വിവരങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കാന്‍ അനുവാദം നല്‍കും. എന്നാല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഗവണ്‍മെന്റിന്റെ പക്കല്‍ മാത്രമായിരിക്കും സൂക്ഷിക്കുക. അടുത്ത വര്‍ഷം ആദ്യം മുതല്‍ പുതിയ സമ്പ്രദായം നടപ്പാക്കാനാണ് തിരക്കിട്ട ആലോചനകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *