സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്കു മുമ്പായി ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ. എഷ്യ പസിഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്ക് ദക്ഷിണ കൊറിയയാണ് വേദിയാകാന്‍ പോകുന്നത്. അതിനു തൊട്ടു മുമ്പായാണ് ഉത്തര കൊറിയ ഒന്നിലധികം മിസൈലുകള്‍ ദക്ഷിണ കൊറിയയ്ക്കു നേരേ അയച്ചിരിക്കുന്നത്. ഇനി വരുന്ന ദിവസങ്ങളിലും മിസൈല്‍ വിക്ഷേപണം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്യോങ്യാങ്ങിന് തെക്കു ഭാഗത്തുള്ള ഉത്തരകൊറിയന്‍ പ്രദേശത്തു നിന്നാണ് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. മിസൈലുകള്‍ ഏകദേശം 350 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കരയില്‍ പതിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. കടലില്‍ പതിച്ചിരിക്കാമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നതെങ്കിലും പിന്നീടത് തെറ്റാണെന്ന് സൈന്യം വ്യക്തമാക്കി.
അഞ്ചു മാസം മുമ്പാണ് ഉത്തര കൊറിയ അവസാനമായി ഹ്രസ്വദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്. ഒരു ആണവായുധ രാഷ്ട്രം എന്ന നിലയിലുള്ള നീക്കങ്ങളാണിതെന്നും ആരും അസ്വസ്ഥരാകേണ്ടതില്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച് ഉത്തര കൊറിയയുടെ വിശദീകരണം.

