വനിതകളെ ഭീകരവാദം പഠിപ്പിക്കാന്‍ ജെയ്‌ഷെയുടെ വനിതാ വിഭാഗത്തിന് ഓണ്‍ലൈന്‍ ക്ലാസ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് വനിതകള്‍ക്കു ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനു വേണ്ട പണം സമാഹരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി അല്‍ മുമിനത്ത് ഏന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ജിഹാദി പരിശീലന കോഴ്‌സ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. എന്‍ഡി ടിവിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അഞ്ഞൂറു പാക്കിസ്ഥാനി രൂപയാണ് കോഴ്‌സിനുള്ള ഫീസായി ഈടാക്കുന്നത്. വനിതകളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ജമാത്ത് ഉല്‍ മുമിനത്ത് എന്ന പേരില്‍ ജെയ്‌ഷെ മുഹമ്മദ് ഒരു സംഘടന രൂപീകരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നതാണ്.

ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെയും മറ്റു ജെയ്‌ഷെ നേതാക്കളുടെയും കുടുംബാംഗങ്ങളായ സ്ത്രീകളാണ് ഓണ്‍ലൈന്‍ കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്. ജിഹാദിനെയും ഇസ്ലാമിനെയും മതത്തിന്റെ ഭാഗമായ കടമകളെയും ജിഹാദിനെയും കുറിച്ചാണ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്. ദിവസവും നാല്‍പതു മിനിറ്റ് വീതമാണ് ക്ലാസ് സമയം. അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസദുമാണ് പ്രധാനമായും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. വനിതാ സംഘടന രൂപീകരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജെയ്‌ഷെ ഏല്‍പിച്ചിരിക്കുന്നത് ഇതില്‍ സാദിയയ്ക്കാണ്.

മെയ്മാസത്തില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസര്‍ കൊല്ലപ്പെട്ടിരുന്നു.പഹല്‍ഗാം ആക്രമണം നടത്തിയ പ്രതികളില്‍ ഒരാളായ ഉമര്‍ ഫാറുഖിന്റെ ഭാര്യ അഫ്രീന്‍ ഫാറൂഖും വനിതാ സംഘടനയുടെ ഭാരവാഹികളില്‍ ഒരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *