കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു കനത്ത തിരിച്ചടിയേകിക്കൊണ്ട് ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്‌ന്റെ കനത്ത ആക്രമണം. ബ്രിട്ടനില്‍ നിന്നു ലഭിച്ച സ്‌റ്റോം ഷാഡോ എന്ന ശ്രേണിയില്‍ പെട്ട മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ ഭേദിച്ചെത്തിയ മിസൈലുകള്‍ റഷ്യയുടെ കെമിക്കല്‍ പ്ലാന്റുകളില്‍ വന്‍തോതില്‍ നാശനഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയിലെ ബ്രയാന്‍സ്‌ക് കെമിക്കല്‍ പ്ലാന്റുകളെയായിരുന്നു മിസൈലുകള്‍ ഉന്നം വച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നിരിക്കുന്നത്. റഷ്യയുടെ ആയുധങ്ങളുടെ നിര്‍മാണത്തിനു വേണ്ട പ്രവര്‍ത്തനങ്ങളാണ് ഈ പ്ലാന്റില്‍ നടന്നുകൊണ്ടിരുന്നത്. സ്‌ഫോടക വസ്തുക്കള്‍, വെടിമരുന്നുകള്‍, റോക്കറ്റ് ഇന്ധനത്തിനാവശ്യമായ മറ്റു വസ്തുക്കള്‍ എന്നിവയാണ് ഈ പ്ലാന്റില്‍ പ്രധാനമായും നിര്‍മിക്കുന്നത്. അതിനാലാണ് യുക്രെയ്ന്‍ ഇതിനെ തന്നെ തങ്ങളുടെ ഉന്നമാക്കി മാറ്റിയത്. അതേ സമയം ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രയാന്‍സ്‌ക് മേഖലയില്‍ യുക്രെയ്‌ന്റെ അമ്പത്തേഴ് ഡ്രോണുകള്‍ വെടിവച്ചിട്ടെന്നു മാത്രമാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്.

