കല്‍പ്പറ്റ: സഭാവസ്ത്രമണിഞ്ഞ് കര്‍ത്താവിന്റെ മണവാട്ടിയായെന്നു കരുതി പഴയ ചാട്ടം മറക്കാന്‍ പറ്റില്ലെന്നു തെളിയിക്കുകയാണ് കത്തോലിക്ക സഭയിലെ ആരാധന സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ സബീന. കല്‍പ്പറ്റയില്‍ ഇന്നലെ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ അമ്പത്തഞ്ചുകാരിയായ സിസ്റ്റര്‍ സബീന ഹര്‍ഡില്‍സില്‍ ചാടിയും ഓടിയും നേടിയത് പൊന്‍ തിളക്കമേറിയ വിജയം. സ്വര്‍ണം കരസ്ഥമാക്കിയത് സ്‌കൂളിലെ കായികാധ്യാപിക കൂടിയായ സിസ്റ്ററാണ്.
കന്യാസ്ത്രീയാകാന്‍ തീരുമാനിക്കുന്നതിനു മുമ്പ് സ്‌കൂള്‍ പഠനകാലത്ത് ഹര്‍ഡില്‍സില്‍ താരമായിരുന്നു സിസ്റ്റര്‍. കാസര്‍കോട് ജില്ലയിലെ എണ്ണപ്പാറ സ്വദേശിനിയായ സിസ്റ്ററിന്റെ കോളജ് പഠനവും കായികലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നതു തന്നെ. ദേശീയ ഗെയിംസില്‍ വരെ ചാട്ടവും ഓട്ടവും ചേരുന്ന ഹര്‍ഡില്‍സിനു ട്രാക്കിലിറങ്ങിയിട്ടുണ്ട്. അതിനു ശേഷം സന്യാസിനിയായി, കായികാധ്യാപികയായി. ഇപ്പോള്‍ ദ്വാരക യുപിഎസില്‍ ജോലിചെയ്യുന്നു. അടുത്ത വര്‍ഷം ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്യും. അതിനു മുമ്പ് പഴയപാഠങ്ങള്‍ക്ക് ഒരു റിവിഷന്‍ എക്‌സര്‍സൈസ്. അതുപോലെയായിരുന്നു കല്‍പ്പറ്റയിലെ മാസ്റ്റേഴ്‌സ് മീറ്റിനെത്തിയത്.
മത്സരിക്കുന്നതിനു ട്രാക്കിലിറങ്ങിയപ്പോഴും സഭാവസ്ത്രം മാറിയില്ല. കത്തോലിക്ക സഭയിലെ നിയമമനുസരിച്ച് സന്യാസിനിയാകുന്ന സ്ത്രീ കര്‍ത്താവിനെ ഭര്‍ത്താവായി സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ അടയാളമായ സഭാവസ്ത്രം പൊതുവേദിയില്‍ ഒഴിവാക്കാന്‍ സാധിക്കില്ല. ഉടുപ്പുയര്‍ത്തി ഓടാനുള്ള സൗകര്യത്തിന് അതിനടയില്‍ ചുരിദാറിന്റെ ബോട്ടം കൂടി ധരിക്കുക മാത്രം ചെയ്തു. ഓടാനുള്ള സൗകര്യത്തിന് ചെരുപ്പ് ഉപേക്ഷിക്കുകയും ചെയ്തു. എന്തായാലും മത്സരം കഴിഞ്ഞ് സ്വര്‍ണം നേടുകയും ചെയ്തതോടെ അഭിനന്ദനങ്ങളുടെ മധ്യത്തിലേക്കാണ് സിസ്റ്റര്‍ ലാന്‍ഡ് ചെയ്തത്.

