കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിലവിലെ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമടക്കം ഉന്നതര്‍ കുരുക്കിലേക്ക്. 2019ലെ സ്വര്‍ണമോഷണം മറയ്ക്കാനെന്നു സംശയിക്കത്തക്ക വിധത്തിലാണ് 2025ല്‍ ദ്വാരപാലക ശില്‍പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ഹൈക്കോടതിയുടെ നിരീക്ഷണമാണ് ഇവര്‍ക്കു വിനയാകുന്നത്. ഈ ദിശയില്‍ അന്വേഷണം മുന്നോട്ടു പോയാല്‍ അവസാനം ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ വരെയെത്തിയാലും അതിശയിക്കേണ്ടിവരില്ല.
ഈ നിരീക്ഷണത്തിനു പിന്നാലെ സ്വര്‍ണക്കൊള്ളയ്ക്കു പിന്നിലുണ്ടായിരുന്ന ഗൂഡാലോചന കൂടി അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പ്രത്യേകാന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. ഗൂഡാലോചനയുടെ അന്വേഷണം ആദ്യമായി നീങ്ങേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിലേക്കും ദേവസ്വം കമ്മീഷണര്‍ റജിലാലിലേക്കുമാണ്. അതിനു മുകളില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവനുമുണ്ട്. ഗൂഡാലോചന നടന്നിരിക്കാമെന്ന് കോടതിയെ അറിയിച്ചത് സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണനാണ്.
കവര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ ഉദ്യോഗസ്ഥനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബോര്‍ഡിന്റെ തലപ്പത്തു നിന്ന് താഴേക്ക് എന്ന നിലയിലാണ് അന്വേഷണം നടക്കേണ്ടതെന്നും നിര്‍ദേശിച്ചിരിക്കുന്നത് ഹൈക്കോടതി നേരിട്ടാണ്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബഞ്ച് വളരെ കടുത്ത നിലാപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

