ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സര്‍വകാലത്തെയും ഏറ്റവും ഉയരത്തിലേക്ക്

സിഡ്‌നി: ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ഓസ്‌ട്രേലിയക്കാരുടെ താല്‍പര്യം സര്‍വകാല ഉയരത്തിലെത്തിയതായി കണ്ടെത്തല്‍. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി ഓസ്‌ട്രേലിയക്കാര്‍ ചെലവഴിച്ചത് രണ്ടായിരം കോടി ഡോളറിനു മുകളിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സര്‍വകാല റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ ഇത് പതിനഞ്ചു ശതമാനം അധികവും തൊട്ടു തലേ ത്രൈമാസത്തെക്കാള്‍ 6.2 ശതമാനം അധികവുമാണ് ഈ തുക.

ഷോപ്പിങ് ഇവന്റുകള്‍ ഈ കാലയളവില്‍ വര്‍ധിച്ചതും ആമസോണ്‍ ഷോപ്പിങ് ഡേ പോലെയുള്ള ആദായവില്‍പനയുടെയും ഓഫറുകളുടെയും എണ്ണം കൂടിയതുമാണ് ഈ വര്‍ധനയിലേക്കു നയിച്ചതെന്നു കണക്കാക്കപ്പെടുന്നു. ഓരോ ഇടപാടിലും ഷോപ്പിങ്ങിനു മുടക്കുന്ന ശരാശരി തുകയില്‍ ഈ കാലയളവില്‍ കാര്യമായ വര്‍ധനയില്ലാതെ 95 ഡോളര്‍ എന്ന നിലവാരത്തില്‍ നില്‍ക്കുകയാണെങ്കിലും ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.7 ശതമാനമാണ് ഈ മേഖലയിലെ വര്‍ധന. 81 ലക്ഷം കുടുംബങ്ങളാണിപ്പോള്‍ കച്ചവടത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ ഉപയോഗപ്പെടുത്തുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ന്യൂ സൗത്ത് വെയില്‍സാണ് ഓണ്‍ലൈനില്‍ ഏറ്റവുമധികം ഇടപാടുകള്‍ നടത്തുന്നത്. രണ്ടാം സ്ഥാനത്തു വരുന്നത് വിക്ടോറിയയും മൂന്നാം സ്ഥാനത്ത് ക്വീന്‍സ്ലാന്‍ഡുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *