സിഡ്നി: ഓസ്ട്രേലിയന്‍ അതിര്‍ത്തി സേന നടത്തിയ രഹസ്യ ഓപ്പറേഷനില്‍ ആയിരത്തിലധികം അനധികൃത തോക്കുകളും തോക്ക് ഭാഗങ്ങളും പിടിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 184 പേര് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. പിടിച്ചെടുത്ത തോക്കുകളില്‍ 281 എണ്ണം 3ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് പോലീസ് അറിയിച്ചു. അനധികൃത ആയുധങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി രഹസ്യ റെയ്ഡ് നടത്തുകയായിരുന്നു അതിര്‍ത്തി സേന.
3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ വികസിച്ചതാണ് പല അനധികൃത കാര്യങ്ങള്‍ക്കും സഹായകരമാകുന്നതെന്ന് പോലീസ് വ്യക്തമാക്കി. പല ഭാഗങ്ങളായാണ് ഇവ നിര്‍മിച്ചെടുക്കുന്നത്. കാഴ്ചയ്ക്ക് പാവകള്‍ പോലെ പല നിറങ്ങളിലായിരിക്കും ഇവ കണ്ടെത്തുക. എന്നാല്‍ ഈ ഭാഗങ്ങള്‍ സംയോപ്പിച്ചെടുത്താല് മാരകമായ ആയുധങ്ങളായിരിക്കും ലഭിക്കുകയെന്ന് പോലീസ് പറയുന്നു.
ആയുധങ്ങള്‍ക്കും ആയുധഭാഗങ്ങള്ക്കും പുറമെ റെയ്ഡില്‍ 2.5 ലക്ഷം ഡോളറിന്റെ നിരോധിത മരുന്നുകളും പിടികൂടിയിട്ടുണ്ട്. എന്‍എസ്ഡബ്ള്യൂ സെന്‍ട്രല്‍ കോസ്റ്റില്‍ ഗോസ്ഫോര്‍ഡ് മേഖലയില്‍ നടത്തിയ റെയ്ഡില്‍ ഒരൊറ്റ കേന്ദ്രത്തില്‍ നിന്നു മാത്രം ഒരു 3ഡി പ്രിന്ററും മൂന്നു ഗ്ലോക്ക് സ്റ്റൈല്‍ പിസ്്റ്റളുകളും 3ഡി പ്രിന്റ് ചെയ്ത ഹോള്സ്റ്ററുകളും ഒരു ഇമിറ്റേഷന്‍ റിവോള്‍വറും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അമ്പത്തിനാലുകാരനായൊരാളെയും അറസ്റ്റ് ചെയ്തു.

