സിഡ്നി: കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന വ്യക്തികളുടെ തുണിയഴിച്ചുള്ള പരിശോധയുടെ സ്വഭാവം തന്നെ മാറ്റണമെന്നു കോടതി വിധി. ന്യൂസൗത്ത് വെയില്‍സ് പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് റയ മെര്‍ഡിത് എന്ന യുവതി നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ണായക വിധി. റയയ്ക്ക് നേരിട്ട അപമാനത്തിനു പരിഹാരമായി 93000 ഡോളര്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് നല്‍കണമെന്നും കോടതിയുടെ വിധിയിലുണ്ട്. 2018ല്‍ നടന്ന സ്പെന്‍ഡര്‍ ഓഫ് ദി ഗ്രാസ് ഫെസ്റ്റിവല്‍ എന്ന സംഗീത പരിപാടിക്കിടെ തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയ എന്‍എസ്ഡബ്ള്യൂ പോലീസ് റയയോട് ആര്ത്തവരക്ഷയ്ക്ക് ധരിച്ചിരുന്ന ടാമ്പണ് കൂടി മാറ്റി പരിശോധനയ്ക്ക് വിധേയയാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ നടപടി പരാതിക്കാരിയുടെ സാമൂഹികാന്തസിനെ ഹനിക്കുന്നതായെന്ന് കോടതിക്കു ബോധ്യപ്പെട്ടു.
തുണിയഴിച്ചുള്ള പരിശോധന പോലീസിന്റെ പതിവ് നടപടികളുടെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് റയയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷക നതാലി ഡേവിസ് പറഞ്ഞു. ഷൈന്‍ ലോയേഴ്സ് എന്ന അഭിഭാഷക സ്ഥാപനത്തിലെ സീനിയര്‍ അസോസിയേറ്റാണ് നതാലി. ആവശ്യമെങ്കില്‍ വസ്ത്രം മാറ്റിയും പോലീസിനു പരിശോധിക്കാമെങ്കിലും ഏറ്റവും അത്യാവശ്യമുള്ള സാഹചര്യത്തില്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി മാത്രം ചെയ്യുന്നതിനേ പോലീസിന് അധികാരമുള്ളൂ. ഇതിനിടെ സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശവും സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാധികാരവും പോലീസ് അംഗീകരിച്ചേ തീരൂ. നതാലി വ്യക്തമാക്കി.
പത്തുവയസിനു മേല്‍ പ്രായമുള്ള ഏതൊരു വ്യക്തിയുടെയും വസ്ത്രം മാറ്റി പരിശോധിക്കാന്‍ പോലീസിന് നിയമം മൂലം അധികാരം കൈവരുന്നുണ്ടെന്ന് നതാലി സമ്മതിക്കുന്നു. വസ്ത്രത്തിന്റെ ഒരു ഭാഗമോ വസ്ത്രം പൂര്‍ണമായോ നീക്കണമെന്ന് ആവശ്യപ്പെടാന്‍ പോലീസിനു സാധിക്കും. എന്നാല്‍ ഇങ്ങന ചെയ്യേണ്ടത് പൊതു സ്ഥലത്ത് മറച്ചു കെട്ടിയ സ്ഥലത്തോ പരസ്യമായോ അല്ല. പോലീസ് സ്റ്റേഷന്റെ സ്വകാര്യത ഉറപ്പാക്കുന്ന മുറിക്കുള്ളിലോ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലോ വച്ചാണ് ഇതു ചെയ്യേണ്ടത്. ടെന്റുകള്ക്കുള്ളിലോ താല്‍ക്കാലിക സംവിധാനത്തിനുള്ളിലോ വച്ച് ഇതു ചെയ്യണമെങ്കില്‍ അത്രമേല്‍ ഗുരുതരമായ സാഹചര്യമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ്. നതാലി വ്യക്തമാക്കി.

