സിഡ്നി: മുള്ളുകൊണ്ട് എടുക്കുക എന്ന തന്ത്രം അലര്‍ജിയുടെ കാര്യത്തില്‍ ഉപയോഗിച്ചപ്പോള്‍ ഗംഭീര ഫലമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. നിലക്കടല ഉല്‍പ്പന്നങ്ങളോടുള്ള അലര്‍ജികള്‍ സര്വസാധാരണമായിരിക്കേ അവയെ നിയന്ത്രിക്കാന്‍ നിലക്കടല തന്നെ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ രോഗസാധ്യത 40 ശതമാനം കുറയ്ക്കാന്‍ സാധിച്ചതായാണ് പഠനം വ്യക്തമാക്കുന്നത്. കേവലം നാലു മാസം പ്രായമാകുമ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് പീനട്ട് ഉല്‍പ്പന്നങ്ങള്‍ കൊടുത്തു ശീലിപ്പിക്കാന്‍ അമേരിക്കയില്‍ ഗവേഷകര്‍ ആദ്യമായി ആവശ്യപ്പെടുന്നത് 2015ലാണ്. അന്നുമുതല്‍ നിലക്കടല പരിചയപ്പെടുത്തിയ കുട്ടികള്‍ക്ക് മൂന്നു വയസിനു താഴെയുള്ള പ്രായത്തില്‍ രോഗസാധ്യത 27 ശതമാനമാണ് കുറയ്ക്കാന്‍ സാധിച്ചത്. കുറേക്കൂടി പരിഷ്കരിച്ച രൂപത്തില്‍ ഈ ഉപദേശം 2017ല്‍ നല്‍കിത്തുടങ്ങിയതോടെ രോഗസാധ്യതയില്‍ 40 ശതമാനവും കുറയ്ക്കാനാണ് സാധിച്ചത്.
കുട്ടികളിലെ ഭക്ഷണ സംബന്ധമായ അലര്‍ജികളെക്കുറിച്ച് പഠനം നടത്തുന്ന ഫിലാഡല്‍ഫിയയിലെ പീഡിയാട്രീഷന്‍ ഡോ. ഡേവിഡ് ഹില്ലും സംഘവുമാണ് നിലക്കടല കൊണ്ടു തന്നെ നിലക്കടല അലര്‍ജി പരിഹരിക്കുന്നതിലെ ഫലസാധ്യത കണ്ടെത്തിയിരിക്കുന്നത്. നിലക്കടല ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നതും ഇവരുടെ പഠന സംഘം തന്നെയായിരുന്നു. മറ്റു പലതരം ഭക്ഷണ അലര്ജികള്ക്കെതിരേയും നിലക്കടല ഫലം ചെയ്തുവെന്നും ഇദ്ദേഹത്തിന്റെ പഠനം ആധികാരികമായി തെളിയിക്കുന്നു. 2015നു ശേഷം ഏതാണ്ട് അറുപതിനായിരത്തോളം കുട്ടികളിലെ അലര്‍ജിയാണ് ഇതുവരെ ഒഴിവാക്കാന്‍ സാധിച്ചതെന്ന് ഇലക്ട്രോണിക് ഡാറ്റയുടെ സഹായത്തോടെ ഇദ്ദേഹം പറയുന്നു.

