ബെയ്ജിങ്: ഇലക്ട്രിക് കാര്‍ മേഖലയിലെ ചൈനീസ് ഭീമന്‍ ബിവൈഡി റെക്കോഡ് വില്പയ്ക്കിടയിലും പ്രതിസന്ധികളില്‍ പെടുന്നതായി റിപ്പോര്‍ട്ട്. 2015 മുതല്‍ 2022 വരെ കമ്പനി നിര്‍മിച്ച ടാങ്, യുവാന്‍ പ്രോ സീരിസിലെ 1,15,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇവയുടെ നിര്‍മാണത്തിലെ പോരായ്മകളുടെ പേരിലാണ് തിരിച്ചുവിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിര്‍മാണത്തിലെ പോരായ്മകള്‍ സംബന്ധിച്ച് ഇതുവരെ കാര്യമായ വര്‍ത്തമാനങ്ങളൊന്നും കേട്ടിരുന്നതുമില്ല. ഡിസൈനിലുള്ള പോരായ്മയും ബാറ്ററി സംബന്ധമായ പ്രശ്‌നങ്ങളുമാണ് കമ്പനി കണ്ടെത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നത്.
2015 മുതല്‍ 2017 വരെ നിര്‍മിച്ച ടാങ് സീരിസിലുള്ള 44, 535 കാറുകളും 2021-2-22 കാലയളവില്‍ നിര്‍മിച്ച യുവാന്‍ പ്രോ ഇലക്ട്രിക് സീരിസിലെ 71248 കാറുകളുമാണ് ഇങ്ങനെ തിരിച്ചുവിളിക്കുന്നത്. ടാങ് മോഡലിന് ഡിസൈനിലെ പോരായ്മയാണ് പ്രശ്‌നമെങ്കില്‍ യൂവാന്‍ പ്രോ മോഡലില്‍ ബാറ്ററിയുടെ പ്രശ്‌നമാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യമായല്ല ബിവൈഡി ഇത്തരത്തില്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ഈ വര്‍ഷം ആദ്്യം ഹൈബ്രിഡ് എസ് യു വികള്‍ 6843 എണ്ണം തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡോള്‍ഫിന്‍, യുവാന്‍ പ്ലസ് ഇവികളില്‍ നിന്നും ഒരു ലക്ഷത്തോളം വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു. സ്റ്റിയറിങ് കണ്‍ട്രോളിലെ തകരാറുകളാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.
ആഗോള വിപണിയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസലയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ബിവൈഡിയാണ്. ടെസലയ്ക്ക് ചൈനയില്‍ ചുവടുറപ്പിക്കാനായില്ലെങ്കിലും ഇന്ത്യയില്‍ മികച്ച തുടക്കം കുറിക്കാനായി. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ രണ്ടു കമ്പനികളും കടുത്ത മത്സരത്തിലാണ്.

