തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ഡ്യൂട്ടി സമയം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ചുള്ള ഷിഫ്റ്റുകളില്‍ ഇനി ജീവനക്കാര്‍ ജോലി ചെയ്താല്‍ മതിയാകും. കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി ജീവനക്കാര്‍ക്ക് മൂന്നു ഷിഫ്റ്റുകളായിരിക്കും ഉണ്ടാകുക. ഇതില്‍ ആദ്യ രണ്ടു ഷിഫ്റ്റുകള്‍ ആറു മണിക്കൂര്‍ വീതം ഉള്ളതായിരിക്കും. രാത്രി ഡ്യൂട്ടി മാത്രം പന്ത്രണ്ടുമണിക്കൂര്‍ നീളുന്നതും.
ഷിഫ്റ്റ് സമ്പ്രദായം നേരത്തെ തന്നേ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ നൂറു കിടക്കകള്‍ മുതല്‍ മുകളിലേക്ക് അഡ്മിഷന്‍ കപ്പാസിറ്റിയുള്ള ആശുപത്രികള്‍ക്കു മാത്രമായിരുന്നു ഇതു ബാധകമാക്കിയിരുന്നത്. എന്നാലിപ്പോള്‍ കിടക്കകളുടെ എണ്ണവുമായി ഷിഫ്റ്റ് സമ്പ്രദായത്തെ ബന്ധിപ്പിക്കുന്ന ഭാഗമാണ് മാറ്റിയിരിക്കുന്നത്. ഈ ഉത്തരവ് നടപ്പില്‍ വരുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും ഒരേ ജോലി സമയം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഷിഫ്റ്റില്‍ പറയുന്നതിനു മുകളില്‍ സമയം ജോലി ചെയ്യുന്നതിന് നിശ്ചിത തുക അധിക വേതനമായി നല്‍കേണ്ടതായും വരും.

