ഹാല്‍ സിനിമയ്ക്കു സെന്‍സറുടെ കത്രിക വേണോ, കോടതി നേരില്‍ ചിത്രം കണ്ടു തീരുമാനിക്കും

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പ്രയോഗത്തിലൂടെ വിവാദത്തിലായ ഹാല്‍ സിനിമ നേരില്‍ കാണാന്‍ കേരള ഹൈക്കോടതി. ഇതു സംബന്ധിച്ച് ഹര്‍ജിയുമായി എത്തിയ നിര്‍മാതാവിന്റെയും സംവിധായകന്റെയും ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ നേരില്‍ കണ്ടശേഷം തീരുമാനമെടുക്കാനായി മാറ്റിവച്ചിരിക്കുന്നത്. ഈ ശനിയാഴ്ച കാക്കനാട്ടെ സ്റ്റുഡിയോയില്‍ വൈകുന്നേരം ഏഴിന് ജഡ്ജി നേരിട്ട് സിനിമ കണ്ടശേഷം കത്രിക പ്രയോഗം ന്യായീകരിക്കാവുന്നതാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിര്‍മാതാവിന്റെയും സംവിധായകന്റെ ഹര്‍ജിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് കക്ഷി ചേര്‍ന്നിരുന്നു. അവരുടെ പ്രതിനിധികളും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും ജഡ്ജിക്കൊപ്പം ചിത്രം കാണുന്നതിനുണ്ടാകും. കേസില്‍ കക്ഷി ചേരുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ പ്രസിഡന്റ് കെ വി ചാക്കോ നല്‍കിയ അപേക്ഷ നേരത്തെ കോടതി അനുവദിച്ചിരുന്നതാണ്. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന സിനിമയില്‍ ഒരു മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് കഥ.

സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായ വെട്ടുകളാണ് നിര്‍ദേശിക്കുന്നതെന്ന് നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ വാദിച്ചു. വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന സിനിമ പുറത്തിറങ്ങാന്‍ വൈകുന്നത് ഏറെ സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്ന് ഇരുവരും കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.