സിഡ്‌നി: തെക്കന്‍ ചൈനയുടെ ഭാഗത്തുള്ള വ്യോമമേഖലയില്‍ പരിശീലന പറക്കല്‍ നടത്തുകയായിരുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സ് (ആര്‍എഎഎഫ്) വിമാനത്തിനു നേരേ ഏറ്റവും ആപല്‍ക്കരമായ രീതിയില്‍ ചൈനയുടെ സൈനിക വിമാനം തീഗോളങ്ങള്‍ വര്‍ഷിച്ചതായി പരാതി. ഇതു സംബന്ധിച്ച് പ്രതിരോധ വകുപ്പ് ചൈനയിലെ ബന്ധപ്പെട്ട ഏജന്‍സികളോട് ആശങ്ക അറിയിച്ചു കഴിഞ്ഞു. പതിവു പറക്കില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ആര്‍എഎഎഫ് വിമാനം. എന്നാല്‍ വളരെ ആപല്‍ക്കരമായ രീതിയില്‍ ചൈനീസ് വിമാനം ഇതിനോട് അടുത്തെത്തുകയും എയര്‍ക്രാഫ്റ്റ് ഫ്‌ളെയേഴ്‌സ് എന്നു വിളിക്കപ്പെടുന്ന തീഗോളങ്ങള്‍ വിക്ഷേപിക്കുകയുമായിരുന്നു.
സാധാരണയായി യുദ്ധ വിമാനങ്ങള്‍ക്കു നേരേ ശത്രുരാജ്യങ്ങള്‍ മിസൈലുകള്‍ അയയ്ക്കുമ്പോള്‍ മാത്രമാണ് തീചിതറുന്ന ഇത്തരം വസ്തുക്കള്‍ വിക്ഷേപിക്കുന്നത്. മിസൈലിന്റെ ദിശ തെറ്റിക്കുന്നതിനും അതുവഴി സ്വന്തം വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം ഫ്‌ളെയറുകള്‍ വിക്ഷേപിക്കുക. എന്നാല്‍ അത്തരം സാഹചര്യമൊന്നും നിലവിലില്ലാതിരിക്കെയാണ് ചൈനയുടെ അതിക്രമം. ഇതുവഴി ഓസ്‌ട്രേലിയന്‍ വിമാനത്തിനു കേടുപാടുകളോ വൈമാനികര്‍ക്ക് ആപത്തോ സംഭവിച്ചില്ലെങ്കിലു നേരിയ രക്ഷപെടലാണ് സാധിച്ചതെന്ന് വൈമാനികര്‍ വെളിപ്പെടുത്തി. നിരവധി തവണയാണ് ഇത്തരത്തില്‍ തീഗോളങ്ങള്‍ തൊടുത്തു വിട്ടത്. രണ്ടു തവണ ഓസ്‌ട്രേലിയന്‍ വിമാനത്തോട് വളരെ ചേര്‍ന്നെത്തിയ ശേഷമായിരുന്നു വിക്ഷേപണം.

