ദുബായില്‍ നിന്നു വന്ന ചരക്കു വിമാനം കടലിലേക്കു മൂക്കുകുത്തി രണ്ടു മരണം

ഹോങ്കോങ്ങ്: ദുബായില്‍ നിന്ന് ഹോങ്കോങ്ങിലെത്തിയ ചരക്കു വിമാനം കടലില്‍ തെന്നി വീണ് രണ്ടു മരണം. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വെയില്‍ നിന്നു തെന്നിമാറി കടലില്‍ പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് നാലു ജീവനക്കാരായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി ഇവരെ കരയ്ക്കു കയറ്റി ആശുപത്രിയിലേക്കു മാറ്റി. വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരായ രണ്ടു പേര്‍ക്കാണ് ജീവാപായമുണ്ടായത്.

ഈ സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മൂന്നു റണ്‍വേകളിലെ ഒരെണ്ണം താല്‍ക്കാലികമായി അടച്ചു. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പകുതിയില്‍ കൂടുതല്‍ ഭാഗവും വെള്ളത്തില്‍ മുങ്ങിയ നിലയിലാണിപ്പോഴുള്ളത്. തുര്‍ക്കി എയര്‍ലൈനിന്റെ ബോയിങ് ഇനത്തില്‍ പെട്ട കാര്‍ഗോ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇതിനു മുപ്പതു വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയുന്നു.