മരുന്നു പായ്ക്കറ്റില്‍ ബാര്‍കോഡു വരുന്നു, സ്‌കാന്‍ ചെയ്താല്‍ വ്യാജനെ കണ്ടെത്താനാവും

ന്യൂഡല്‍ഹി: കഫ് സിറപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മരുന്ന് വില്‍പനയ്ക്കും വിതരണത്തിനുമുള്ള ചട്ടങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്. ഇതിനായുള്ള പദ്ധതി അണിയറയില്‍ തയാറായി കഴിഞ്ഞു എന്നറിയുന്നു. വാക്‌സിനുകള്‍, നാര്‍ക്കോട്ടിക്, സൈക്കോട്രോപിക്, അര്‍ബുദം എന്നിങ്ങനെ നാലു വിഭാഗം ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണത്തിനു സാധാരണ മരുന്നുകളുടെ വിപണനത്തില്‍ നിന്നു വ്യത്യസ്തമായ രീതിയായിരിക്കും സ്വീകരിക്കുക. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്.

ഇതുവഴി രോഗികള്‍ക്ക് നിലവാരം കുറഞ്ഞ മരുന്നുകളും വ്യാജ മരുന്നുകളും കണ്ടെത്താന്‍ കഴിയണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. പുതുതായി കൊണ്ടുവരുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം മരുന്നുകളുടെ പായ്ക്കിങ്ങില്‍ ബാര്‍കോഡ് പതിക്കുന്നതാണ്. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതിലൂടെ രോഗിക്കു കണ്ടെത്താന്‍ സാധിക്കും. മേല്‍പ്പറഞ്ഞ നാലിനം മരുന്നുകളുടെയും പായ്ക്കിങ്ങില്‍ ബാര്‍കോഡിങ് നിര്‍ബന്ധമാക്കുമ്പോള്‍ മറ്റുള്ള മരുന്നുകളില്‍ ഇവ വേണോയെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മാതാവിനുണ്ടാകും. നാര്‍കോട്ടിക്, സൈക്കോട്രോപിക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യത ഇതിലൂടെ തീര്‍ത്തും ഇല്ലാതാവും.